'2024ൽ ബലാത്സംഗം ചെയ്തു എന്നു പറയുന്ന ആളെ 2025 ഒക്ടോബറിൽ ഒറ്റക്കു കാണണമെന്ന് പറയുന്നതിലെ ലോജിക് എന്ത്'
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അഴിക്കുള്ളിലാക്കിയ മൂന്നാമത്തെ ബലാത്സംഗ പരാതിയിലെ അതിജീവിതക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ. രാഹുലിന്റെ അടുത്ത സുഹൃത്താണ് ഫെന്നി. 2024ൽ ബലാത്സംഗം ചെയ്തു എന്നു പറയുന്ന ആളെ 2025 ഒക്ടോബറിൽ ഒറ്റക്കു കാണണമെന്ന് പറയുന്നതിലെ ലോജിക് എന്താണെന്നാണ് ഫെനി ചോദിക്കുന്നത്. അതിജീവിതയുടെ ചാറ്റുകളുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് ഫെന്നിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
തന്റെ ഭാഗം വിശദീകരിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ അവസരം നൽകാതിരുന്നതിനാലാണ് ഫേസ്ബുക്കിലൂടെ ഇതെല്ലാം പറയുന്നത് എന്നും ഫെന്നി പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിനു ശേഷം കടുത്ത സൈബർ ആക്രമണം നേരിടുന്നതിനെ കുറിച്ചും കുറിപ്പിലുണ്ട്. ഒരു കാര്യത്തിന്റെ രണ്ട് വശവും പറയാൻ ഉള്ള അവസരം പോലും നിഷേധിക്കുന്ന സമീപനമാണ് മാധ്യമങ്ങൾക്ക് ഉള്ളതെന്നും ഫെന്നി ആരോപിച്ചു. .
രാഹുൽ മാങ്കൂട്ടത്തിലിനെ കാണാൻ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചു. നിർബന്ധം സഹിക്കവയ്യാതെ വന്നപ്പോൾ പാലക്കാട് ഓഫിസിൽ ചെന്നാൽ കാണാം എന്ന് പറഞ്ഞു. അപ്പോൾ ഓഫിസിൽ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്നും അവർ പറഞ്ഞു. രാഹുലിന്റെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി എന്നോട് പറഞ്ഞു. ഫ്ലാറ്റിൽ രാത്രിയാണെങ്കിലും കണ്ടാൽ മതിയെന്ന് അവർ പറഞ്ഞു. ഫ്ലാറ്റിൽ അസൗകര്യം ആണെന്ന് പറഞ്ഞപ്പോൾ എങ്കിൽ ഒരു ഡ്രൈവ് പോകണം എന്നും എം.എൽ.എ ബോർഡ് വച്ച വണ്ടി വേണ്ട അവർ വരുന്ന വണ്ടി മതി എന്നും അവർ പറഞ്ഞു.
ഫെനി നൈനാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ രൂപം:
രാഹുൽ എംഎൽഎയുടെ വിഷയത്തിൽ എൻ്റെ പേര് പരാതിക്കാരി പരാതിയിൽ പറഞ്ഞെന്ന് ഞാൻ മാധ്യമങ്ങളിലൂടെ അറിഞ്ഞു. തുടർന്ന് എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാൻ മുഖ്യധാര മാധ്യമങ്ങൾ ആരും സ്പേസ് തരാതെ ഇരുന്നപ്പോൾ ഞാൻ അത് ഫേസ്ബുക്കിലൂടെ പൊതുവിടത്ത് പറഞ്ഞു. ഒരു കാര്യത്തിൻ്റെ രണ്ട് വശവും പറയാൻ ഉള്ള അവസരം പോലും നിഷേധിക്കുന്ന സമീപനമാണ് മാധ്യമങ്ങൾക്ക് ഉള്ളത്. അത് ശരിയാണോ എന്ന് അവർ പരിശോധിക്കട്ടെ.
തുടർന്ന് ഞാൻ ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടതിന് ശേഷം എനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഇടത് കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. എന്നെയും എൻ്റെ കുടുംബത്തെയും വരെ ആക്രമിക്കുന്നു. അപ്പൊൾ കാര്യങ്ങൾ ഒന്നുകൂടി വിശദമാക്കാം എന്ന് കരുതുന്നു.
എന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത് , അതായത് രണ്ട് മാസം മുൻപ് , രാഹുൽ എംഎൽഎയെ കാണാൻ പരാതിക്കാരി പലവട്ടം എന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാൻ നോക്കി. നിർബന്ധം സഹിക്കവയ്യാതെ വന്നപ്പോൾ പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാം എന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം എന്നും ഓഫീസിൽ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവർ പറഞ്ഞു. രാഹുൽ എംഎൽഎയുടെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി എന്നോട് പറഞ്ഞു. ഫ്ലാറ്റിൽ രാത്രിയാണെങ്കിലും കണ്ടാൽ മതിയെന്ന് അവർ പറഞ്ഞു. ഫ്ലാറ്റിൽ അസൗകര്യം ആണെന്ന് പറഞ്ഞപ്പോൾ എങ്കിൽ ഒരു ഡ്രൈവ് പോകണം എന്നും എംഎൽഎ ബോർഡ് വച്ച വണ്ടി വേണ്ട അവർ വരുന്ന വണ്ടി മതി എന്നും അവർ എന്നോട് പറഞ്ഞു.
2024 ഏപ്രിലിൽ ബലാത്സംഗം ചെയ്തു എന്ന് അവർ പറയുന്ന ആളിനെ , 2025 ഒക്ടോബറിൽ ” I prefer his flat , safe place, night aayalum kuzhappamilla” എന്നു അവർ പറഞ്ഞതിൻ്റെ തെളിവുകൾ എൻ്റെ കയ്യിലുണ്ട്. അങ്ങനെ അവർ പറഞ്ഞത് അറിയാവുന്നത് കൊണ്ടാണ് അവർ ബലാത്സംഗ പരാതി പറഞ്ഞത് അത്ഭുതപ്പെടുത്തി എന്ന് ഞാൻ പറഞ്ഞത്.
2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിൻ്റെ ലോജിക് എന്താണ് ?
എല്ലാവർക്കും ബോധ്യമാകാൻ വേണ്ടി ഞാൻ ആ സ്ക്രീൻ ഷോട്ടുകൾ ഇവിടെ പങ്ക് വയ്ക്കുന്നു.
NB: സ്ക്രീൻ ഷോട്ടുകളിലോ, എഴുത്തിലോ കേസിലെ പരാതിക്കാരി(അതിജീവത)യുടെ പേരോ, ചിത്രമോ, മേൽവിലാസമോ, ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള മെസ്സേജോ ഒന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ലാത്തതാകുന്നു
