പനി പടരുന്നു ജാഗ്രത വേണം
തിരുവനന്തപുരം ∙ സംസ്ഥാനത്ത് പനി വ്യാപകമാണെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധർ. നേരത്തേ കോവിഡ് ബാധിച്ചവരിൽ കോവിഡിന്റെ ലക്ഷണങ്ങളോടെ തന്നെ പനിയും ശ്വാസതടസ്സവും കാണുന്നുണ്ട്. എങ്കിലും ഇത് കോവിഡിന്റെ അനന്തരഫലമല്ലെന്നാണ് വിലയിരുത്തൽ. ഇൻഫ്ളുവൻസ വൈറസ്, റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ് എന്നിവയാണ് ഇപ്പോൾ പരക്കെ കാണുന്ന പനിക്ക് പിന്നിലുള്ളത്.
നാലോ അഞ്ചോ ദിവസം നീണ്ടുനിൽക്കുന്ന പനിയും ശ്വാസംമുട്ടലുമാണ് ഏറെ പേരെയും ബുദ്ധിമുട്ടിക്കുന്നത്. ചിലർക്ക് ആസ്മയ്ക്കു സമാനമായ കടുത്ത ശ്വാസം മുട്ടലും ചുമയുമുണ്ടാകും. ഇത് ശ്വാസനാളികളിലെ നീർക്കെട്ടിനും കാരണമാകുന്നുണ്ട്. മരുന്നും വേണ്ടത്ര വിശ്രമവുമാണ് ഡോക്ടർമാർ നിർദേശിക്കുന്ന ചികിത്സ. കുട്ടികളിലും പനി വ്യാപകമായി കാണുന്നുണ്ട്. മാറിയ കാലാവസ്ഥയും ചൂടു കൂടിയതുമാണ് വൈറസ് പെരുകാൻ കാരണം. രാവിലത്തെ തണുപ്പും മഞ്ഞും പിന്നാലെ കനത്ത ചൂടും രോഗവ്യാപനത്തിന് വലിയ തോതിൽ വഴിയൊരുക്കുന്നു.
പൊടി ശ്വാസകോശ രോഗബാധയ്ക്ക് കാരണമാകുന്നുണ്ട്. പരമാവധി പൊടി അടിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് നിർദേശം. കഫത്തിൽ നിറവ്യത്യാസം വന്നാൽ ഡോക്ടറുടെ സേവനം തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ധാരാളം വെള്ളം കുടിക്കുകയും നന്നായി വിശ്രമിക്കുകയും ചെയ്യുന്നതിനൊപ്പം യഥാസമയം വൈദ്യസഹായം തേടുകയും വേണം.
ലക്ഷണം
∙ നീണ്ടുനിൽക്കുന്ന ചുമ, തൊണ്ടവേദന
∙ നെഞ്ചിൽ ബുദ്ധിമുട്ട്, കുറുകൽ
∙ ശരീരത്തിലും സന്ധികളിലും വേദന.
∙ പനി മാറിയാലും നീണ്ടുനിൽക്കുന്ന ചുമയും തൊണ്ടവേദനയും
ഇത് പകർച്ചപ്പനി; കോവിഡ് ബന്ധമില്ല
ഇപ്പോൾ കാണുന്ന പനിക്ക് കോവിഡുമായി ബന്ധമില്ല. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചാക്രികമായി കണ്ടുവരുന്ന പകർച്ചപ്പനിയാണിത്. കഴിഞ്ഞ വർഷത്തെയത്ര കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും പനി പടരാതെ സൂക്ഷിക്കണം.