മുസ്‍ലിം വിരുദ്ധ ചാന്റ്; സ്പെയിനിന് ഫിഫയുടെ ശിക്ഷ, അപ്പീൽ തള്ളി

മഡ്രിഡ്: സൗഹൃദ മത്സരത്തിനിടെ ഗാലറിയിൽ നിന്നുയർന്ന മുസ്‍ലിം വിരുദ്ധ ചാന്റിന്റെ പേരിൽ സ്പെയിനിന് പിഴ ചുമത്തി ഫിഫ. കഴിഞ്ഞ മാർച്ചിൽ ഈജിപ്ത്തിനെതിരെ ബാഴ്സലോണയിൽ നടന്ന മത്സരത്തിനിടെയായിരുന്നു ഗലാറിയിൽ നിന്നും ഇസ്‍ലാം ഭീതി സൃഷ്ടിക്കുന്ന മുദ്രാവാക്യം മുഴങ്ങിയത്. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനിടെയായിരുന്നു സംഭവം.

ഫിഫ അച്ചടക്ക സമിതിയുടെ അന്വേഷണത്തിനു പിന്നാലെ സ്പാനിഷ് ദേശീയ ഫുട്ബാൾ ഫെഡറേഷന് 20,000 ഡോളർ പിഴയും, അടുത്ത സൗഹൃദ മത്സരത്തിൽ കാണികൾക്ക് സ്റ്റേഡിയം വിലക്കും വിധിച്ചു. സ്വന്തം നാട്ടിൽ കളിക്കുന്ന അടുത്ത ഹോം മാച്ചിൽ സ്റ്റേഡിയത്തിലെ 15 ശതമാനം സീറ്റുകളിലേക്കാണ് കാണികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ബാഴ്സലോണയിലെ എസ്പാന്യോളിന്റെ വേദിയിൽ നടന്ന മത്സരത്തിനിടെയായിരുന്നു ഒരു വിഭാഗം കാണികൾക്കിടയിൽ നിന്നും ഇസ്‍ലാം വിരുദ്ധ പരാമർശമുയർന്നത്. ഉടൻ തന്നെ പൊലീസും മാച്ച് ഒഫിഷ്യലുകളും ഇടപെടുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. സ്റ്റേഡിയത്തിലെ സ്കോർബോർഡിലും തത്സമയ മുന്നറിയിപ്പ് നൽകി.

പരാമർശത്തിനെതിരെ സ്പാനിഷ് സൂപ്പർതാരം ലമിൻ യമാലും രംഗത്തുവന്നിരുന്നു. ഒരു മതത്തെ അവഹേളിച്ച് മുദ്രാവാക്യം മുഴക്കിവയർ അവിവേകികളും വംശീയവാദികളുമാണെന്നായിരുന്ന യമാലിന്റെ മറുപടി. സ്പാനിഷ് പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ഇതിനിടെയാണ് ഫിഫ സമിതിയുടെ അന്വേഷണവും നടപടിയും. കളിക്കിടയിൽ ‘ആര് ചാടുന്നില്ലയോ, അവൻ മുസ്‍ലിമാണ്’ എന്ന അർഥത്തിലായിരുന്നു സ്പാനിഷ് ഭാഷയിൽ ആരാധകരുടെ പരാമർശം.

അപ്പീൽ ഫിഫ തള്ളിയതോടെ, കായിക തർക്കപരിഹാര കോടതിയെ സമീപിക്കാൻ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ തീരുമാനിച്ചു. ഫിഫയുടെ ശിക്ഷക്കെതിരെ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ അപ്പീൽ നൽകിയെങ്കിലും അത് കഴിഞ്ഞയാഴ്ച തള്ളിയതായി ഫിഫ വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇതോടെയാണ് കായിക തർക്കങ്ങളുമായി ബന്ധപ്പെട്ട പരമോന്നത അധികാര കേന്ദ്രമായ സി.എ.എസിനെ സമീപിക്കാൻ ഫെഡറേഷൻ തീരുമാനിച്ചത്. “സംഭവം ശ്രദ്ധയിൽപെട്ടതു മുതൽ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പിന്നീട് മുദ്രാവാക്യം വിളി ഉണ്ടായിട്ടില്ല. സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികൾ തന്നെ ഇത്തരം പെരുമാറ്റത്തോടുള്ള എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ശിക്ഷ കൂടി പോയെന്നും ഫെഡറേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.