ആലുവയിൽ വസ്ത്രക്കടയിൽ തീപിടിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

ആലുവ: നഗരത്തിലെ വസ്ത്രക്കടയിൽ തീപിടിത്തം. ആലുവ പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപത്തെ ദീൻ ഇൻ എന്ന വസ്ത്രശാലയിലാണ് തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ച്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.

രാവിലെ കടക്കകത്ത് നിന്ന് പുക വരുന്നത് കണ്ടാണ് തീ പിടിച്ച വിവരം അറിഞ്ഞത്. ഉടനെ തൊട്ടടുത്ത അഗ്നി രക്ഷാസേനയെത്തി തീ അണച്ചു. ഇതിനോടകം കടയിലുണ്ടായിരുന്ന വസ്ത്രങ്ങളും ഫർണിച്ചറും എ.സികളടക്കമുള്ള വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായി പറയുന്നത്. ആലുവ സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്.

നാല് വർഷത്തോളമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ കടയിൽ നല്ല കച്ചവടവുമുണ്ടായിരുന്നു. ലേഡീസ് ടൈലറിങ്, പെർഫ്യൂംസ്, ഇസ്‍ലാമിക് പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ വില്പനയുമുണ്ടായിരുന്നു.