തുവ്വൂർ സുജിത കൊലപാതകത്തില്‍ പ്രാദേശിക കോൺഗ്രസ് നേതാവടക്കം അഞ്ചുപേർ അറസ്റ്റിൽ

മലപ്പുറം: തുവ്വൂർ കൊലപാതകത്തിൽ അഞ്ചുപേർ അറസ്റ്റിൽ. പ്രാദേശിക കോൺഗ്രസ് നേതാവ് വിഷ്ണു, അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണു പൊലീസിന്റെ പിടിയിലായത്. കൊല്ലപ്പെട്ട സുജിതയുടെ ആഭരണങ്ങൾ വിഷ്ണു വിറ്റതായും സൂചനയുണ്ട്.

ആഗസ്റ്റ് 11നാണ് തുവ്വൂർ കൃഷിഭവനിൽ താൽക്കാലിക ജീവനക്കാരിയായ സുജിതയെ(35) കാണാതായത്. കൃഷിഭവനിലെത്തുന്ന ആളുകളെ അപേക്ഷയ്ക്കടക്കം സഹായിക്കുന്ന ജോലിയിലായിരുന്നു. പ്രതി വിഷ്ണു നേരത്തെ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. ഐ.എസ്.ആർ.ഒയിൽ ജോലി ലഭിച്ചെന്നു പറഞ്ഞാണു ജോലി രാജിവച്ചത്.

വിഷ്ണുവും സുജിതയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നുവെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. സുജിത വിഷ്ണുവിനു പണം നൽകിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെ ഇവർ തമ്മിൽ തർക്കവുമുണ്ടായിരുന്നു. സുജിതയെ കൊലപ്പെടുത്തിയ ശേഷം എട്ട് പവനോളം വരുന്ന സ്വർണാഭരണങ്ങൾ പ്രതികൾ വിറ്റതായാണു വിവരം.

കാണാതായ ദിവസം തന്നെ സുജിതയെ കൊലപ്പെടുത്തിയെന്നാണു പ്രതികൾ പൊലീസിനു നൽകിയ മൊഴി. കൊലയ്ക്കുശേഷം വിഷ്ണുവിന്റെ വീട്ടിലെ മാലിന്യക്കുഴിയിൽ മൃതദേഹം തള്ളി. ഇതിനുമുകളിൽ മണ്ണും മെറ്റലും എംസാൻഡും ഉപേക്ഷിക്കുകയും ചെയ്തു. ഇത് അലക്കുകല്ല് നിർമിക്കാൻ കൊണ്ടുവന്നതാണെന്നാണ് നേരത്തെ ചോദ്യംചെയ്തപ്പോൾ പ്രതികൾ പൊലീസിനോട് പറഞ്ഞത്.

എന്നാൽ, സംശയം തോന്നി പൊലീസ് എംസാൻഡും മെറ്റലും നീക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണു മൃതദേഹം കാണുന്നത്. ഇതിൽനിന്നു ദുർഗന്ധം വമിച്ചതോടെ നീക്കം നിർത്തിവച്ചു. ഇന്ന് ഫോറൻസിക് സംഘമെത്തി തുടർനടപടികൾ നടത്താനാണു തീരുമാനം.

സുജിതയുടെ ഫോണിൽ അവസാനമായി വിളിച്ചത് വിഷ്ണുവിനെയായിരുന്നു. ഇതിൽനിന്നാണ് അന്വേഷണം ഇയാളിലെത്തിയത്. എന്നാൽ, ചോദ്യംചെയ്തപ്പോൾ 10,000 രൂപ ആവശ്യപ്പെട്ട് സുജിത വിളിച്ചിരുന്നുവെന്നും ഇതിനു വേണ്ടിയായിരുന്നു കോളെന്നുമാണ് ആദ്യം പറഞ്ഞത്. തുടർന്ന് ഇരുവരുടെയും അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ സുജിതയുടെ അക്കൗണ്ടിൽ 40,000 രൂപ കണ്ടെത്തി. വിഷ്ണുവിന്റെ അക്കൗണ്ടിൽ കാര്യമായ പണവുമുണ്ടായിരുന്നില്ല. ഇതിനിടെ ഇയാളുടെ സഹോദരനെ ചോദ്യംചെയ്തതിൽനിന്നാണു കൊലപാതകത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *