മുണ്ടക്കൈ പുനരധിവാസം; ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺസ് മലയാളം വീണ്ടും കോടതിയിൽ
വയനാട്: മുണ്ടക്കൈ പുനരധിവാസത്തിന് ഭൂമിയേറ്റെടുക്കുന്നതിനെതിരെ ഹാരിസൺസ് മലയാളം വീണ്ടും കോടതിയിൽ. സ്ഥലം ഏറ്റെടുക്കുന്നതിന് സിംഗിൾ ബെഞ്ച് നൽകിയ അനുമതിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ ഹാരിസൺസ് മലയാളം അപ്പീൽ നൽകി.
സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും സുപ്രിംകോടതിയടക്കം നിർദേശിച്ച നിരവധി മാനദണ്ഡങ്ങൾ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലവിലുണ്ടെന്നും അപ്പീലിൽ പറയുന്നു. ഇതുപ്രകാരം തങ്ങളുട കൈവശമുള്ള ഭൂമി സ്ഥിരമായി ഏറ്റെടുക്കാൻ കഴിയില്ലെന്നും ഹാരിസൺസ് മലയാളം ചൂണ്ടിക്കാട്ടി.
ഹാരിസണ്‍സ്, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകളിലാണ് വയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചിരുന്നത്. ഭൂമി ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് സർക്കാറിന് ആശ്വാസമായിരുന്നു. എസ്റ്റേറ്റ് ഉടമകൾക്ക് മതിയായ നഷ്‌ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. നഷ്‌ടപരിഹാരത്തില്‍ തര്‍ക്കം ഉണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നിയമനടപടി സ്വീകരിക്കാമെന്നും കോടതി അറിയിച്ചിരുന്നു.
ഇത് സംബന്ധിച്ച നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് ഹാരിസൺസ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.