വിദേശികളെ ആകർഷിക്കണം; കള്ള് ഷാപ്പുകൾക്ക് പുതിയ ലുക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ മുഖച്ഛായ മാറ്റുമെന്ന് മന്ത്രി എം.ബി.രാജേഷ്. വിദേശികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ലഹരി വിമുക്ത പ്രവർത്തനത്തിലൂന്നിയാണ് പുതിയ മദ്യനയമെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകാനാണ് തീരുമാനം. കള്ള് ഷാപ്പുകളിൽ തനത് ഭക്ഷണം കൂടി ലഭ്യമാക്കും. കേരള ടോഡി എന്ന ബ്രാൻഡിൽ കള്ള് ഉൽപാദിപ്പിക്കും. കേരളത്തിൽ വിദേശ മദ്യവും ബിയറും പരമാവധി ഉത്പാദിപ്പിക്കാനാണ് നീക്കം. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കും. പഴവർഗങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കും. വിദേശികൾ കൂടുതൽ വരുന്ന റെസ്റ്റോറന്റുകളിൽ ബിയറും വൈനും നൽകാൻ പ്രത്യേക ലൈസൻസ് നൽകുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ പാർക്കുകളിൽ മദ്യം ലഭ്യമാക്കുമെന്നും ഐ.ടി പാർക്കുകളിൽ മദ്യം നൽകുന്നതിനുള്ള ചട്ടം ഭേദഗതി ചെയ്തുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേക്കാൾ 2.4 ശതമാനമാണ് മദ്യവിൽപന കൂടി. 340 കോടി അധിക വരുമാനം ഈ വർഷം മദ്യവിൽപ്പനയിലൂടെ കിട്ടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബാർ ലൈസൻസ് ഫീസ് വർധിപ്പിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 30ലക്ഷം രൂപയിൽ നിന്ന് 35 ലക്ഷം രൂപയായാണ് ഫീസ് വർധിപ്പിച്ചത്. ഒന്നാം തീയതി ഡ്രൈഡേ തുടരും.

Leave a Reply

Your email address will not be published. Required fields are marked *