മെസ്സിയുടെ പേരിലെ കള്ളക്കളി; അബ്ദുറഹ്മാന് കുരുക്ക് മുറുക്കാൻ എസ്.ഐ.ടി

തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന കള്ളക്കളിയിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ കുരുക്കു മുറുക്കാൻ എസ്.ഐ.ടി. അബ്ദുറഹ്മാനെ പ്രതിചേർത്ത് അന്വേഷണം നടത്താൻ അനുമതി ലഭിച്ച സാഹചര്യത്തിൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകൾ ചുമത്താനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നതെന്നാണ് വിവരം. ഇതുസംബന്ധിച്ച നിയമോപദേശം എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നുമുൾപ്പെടെയുള്ള കണ്ടെത്തലാണ് മുൻ കായിക മന്ത്രിക്കെതിരെയുള്ളത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താൻ ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ ഈ നിയമത്തിലെ നാലു വകുപ്പുകൾ ചുമത്തി കേസിൽ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
മന്ത്രിയെന്ന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, അനധികൃത ആനുകൂല്യം സ്വീകരിച്ചു, പൊതുസ്വത്ത് ദുരുപയോഗം, സ്വകാര്യ സ്പോൺസർക്ക് നേട്ടമുണ്ടാക്കാൻ ഇടപെടൽ നടത്തി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുന്നത്. നിലവിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി), കമ്പനിയുടെ എം.ഡി ആന്റോ അഗസ്റ്റിൻ എന്നിവർ പ്രതികളായ കേസിൽ വി. അബ്ദുറഹ്മാൻ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവരെക്കൂടി പ്രതിചേർത്താകും അഴിമതി സംബന്ധിച്ച അന്വേഷണം. ഗവർണറുടെ അനുമതി ലഭിച്ച സാഹചര്യത്തിൽ ക്രമക്കേടുകൾ അന്വേഷിക്കുന്ന എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് തന്നെ അഴിമതിയെ കുറിച്ച അന്വേഷണവും കൈമാറാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
