ഇന്ധനവില വർധിപ്പിച്ച് ഷെൽ: പെട്രോളിന് 7.41 രൂപയും ഡീസലിന് 25.01 രൂപയും വർധിപ്പിച്ചു
ന്യൂഡൽഹി: ഇന്ധന വില വർധിപ്പിച്ച് ഷെൽ കമ്പനി. ബെംഗളൂരുവിലെ ഷെൽ ഔട്‌ലെറ്റുകളിൽ പെട്രോളിന് 7.41 രൂപയാണ് വർധിപ്പിച്ചത്. ഡീസലിന് 25.01 രൂപ കൂട്ടിയിട്ടുണ്ട്. സാധാ പെട്രോളിന് 119.85 രൂപയും പവർ പെട്രോളിന് 129.85 രൂപയുമാണ് നൽകേണ്ടി വരുന്നത്. സാധാ ഡീസലിന് 123 രൂപയും പ്രീമിയം ഡീസലിന് 133 രൂപയുമാണ്. ഇന്നുമുതൽ ഷെല്ലിന്റെ പമ്പുകളിൽനിന്ന് പെട്രോൾ, ഡീസൽ നിറക്കുന്നവർ പുതുക്കിയ നിരക്ക് നൽകണം. രണ്ടാഴ്ച മുമ്പ് ഷെൽ ഇന്ധനവില വർധിപ്പിച്ചിരുന്നു. പെട്രോൾ വിലയിൽ രണ്ടര രൂപ വർധിപ്പിച്ച് 108.50 രൂപയാക്കിയിരുന്നു. ഡീസൽ വില 93.50 ആയും വർധിപ്പിച്ചു. ഷെല്ലിന് രാജ്യത്താകമാനം 350 ഔട്ട്‌ലെറ്റുകളാണുള്ളത്.
അതേസമയം, വില വർധിപ്പിച്ചതിനെക്കുറിച്ച് ഷെൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മാർച്ച് 27ന് നയാര കമ്പനി പെട്രോൾ വിലയിൽ അഞ്ചും ഡീസൽ വിലയിൽ മൂന്നു രൂപയും വർധിപ്പിച്ചിരുന്നു. ആഗോളവില വിപണിയിൽ വില വർധിച്ചിട്ടും ഇന്ത്യയിൽ പെട്രോൾ, ഡീസൽവില വർധിപ്പിക്കാതെ സർക്കാർ പിടിച്ചുനിർത്തുകയാണെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിനായാണ്, എക്സൈസ് തീരുവ കുറച്ചത്. 2022 ഏപ്രിൽ മാസത്തിന് ശേഷം ഇന്ധനവില വർധിപ്പിച്ചിട്ടില്ല. 2024 മാർച്ചിൽ വിലയിൽ രണ്ടുരൂപ കുറച്ചിരുന്നു.
അതേസമയം, ഇന്ധനവില ഓരോ 15 ദിവസം കൂടുമ്പോഴും പുനരവലോകനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മാർച്ച് 28ന് ഇന്ധനങ്ങളുടെ അധിക എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറച്ചതിന് പിന്നാലയാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനം. ഇറാൻ-യു.എസ് സംഘർഷത്തിന്റെ പശ്ചാതലത്തിലാണ് ഇന്ധലവില വർധിച്ചത്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ബാരലിന് 68 യു.എസ് ഡോളറായിരുന്ന ക്രൂഡ് ഓയിലിന്റെ വില മാർച്ച് ഏഴിന് 100 യു.എസ് ഡോളറായാണ് ഉയർന്നത്. ഇന്ത്യയിലേക്കുള്ള ഇന്ധനങ്ങളുടെ പ്രധാന വിതരണ മാർഗങ്ങളാണ് ഹുർമുസ് കടലിടുക്ക്.
പെട്രോൾ, ഡീസൽ വിലമാത്രമല്ല, എൽ.പി.ജിയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എൽ.പി.ജി കിട്ടാനില്ലാതായത്തോടെ പലയിടങ്ങളിലും ഹോട്ടലുകളും മറ്റും അടച്ചു തുടങ്ങി. കേരളത്തിലും എൽ.പി.ജി പ്രതിസന്ധിയുണ്ട്. കേരളത്തിലെ പല ഹോട്ടലുകളിൽ പലതും വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. വിറകിന് വില വർധികുന്നത് കചവടത്തെ ബാധിക്കുന്നുവെന്ന് ഹോട്ടലുടമകൾ പറയുന്നു. ഇതിനനുസരിച്ച് ഓരോ വസ്തുകൾക്കും വില വർധിപ്പിക്കേണ്ടി വരുമെന്നും ഹോട്ടലുടമകൾ പറയുന്നു. എൽ.പി.ജി കിട്ടാനില്ലാതായത്തോടെ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചിട്ടുണ്ട്.
