ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിക്ക് ഇന്ന് തുടക്കം
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി. ജി20 ഉച്ചകോടിക്കായി വിവിധ രാഷ്‌ട്ര തലവന്മാരും നയതന്ത്ര പ്രതിനിധികളും ഡൽഹിലെത്തി. പുതുതായി ഉദ്ഘാടനം ചെയ്ത ഭാരത് മണ്ഡപത്തിലാണ് ജി20യുടെ പ്രധാനവേദി സജീകരിച്ചിരിക്കുന്നത്.(g20 summit will start today)
ജി20 അംഗരാജ്യങ്ങളും യുറോപ്പ്യൻ യൂണിയനിലെ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും. കൂടാതെ ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും 30-ലധികം രാഷ്‌ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്‌ട്ര സംഘടനാ മേധാവികളും ഉച്ചകോടിക്കായി രാജ്യതലസ്ഥാനത്ത് എത്തി.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരെകൂടാതെ അർജന്റീനിയൻ പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് റമഫോസ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, സൗദി അറേബ്യൻ പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് എന്നിവർ രണ്ടു ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കും.
രാവിലെ 10 : 30ന് ആരംഭിക്കുന്ന ഉച്ചകോടിയിൽ വസുധൈവ കുടുംബകം എന്ന ആശയത്തിൽ ഒരുഭൂമി ഒരു കുടുംബം ഒരു ഭാവി എന്നി വിഷയങ്ങളുടെ ഭാഗമായി ആഗാള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയവ ചര്‍ച്ച ചെയ്യും.സൗഹൃദത്തിന്‍റെയും സഹകരണത്തിന്‍റെയും ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന് നിരവധി നേതാക്കളുമായും പ്രതിനിധി സംഘത്തലവൻമാരുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.