ക്ലബിനായി എല്ലാം നൽകി; പക്ഷേ തിരിച്ചുകിട്ടിയത് ഭീഷണികളും അപമാനിക്കലും മാത്രം -മഞ്ഞപ്പട

Gave everything for the club; but got only threats and insults in return - Yellow Guard

കൊച്ചി: ഭീഷണിയും അടിച്ചമർത്തലും നേരിടുന്നുവെന്ന ആരോപണവുമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടായ്മായ ‘മഞ്ഞപ്പട’. ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്നുവരുന്ന സീസണിലെ ക്ലബിന്റെ മോശം പ്രകടനത്തിന് പിന്നാലെ മാനേജ്മെന്റിനെതിരെ പ്രതിഷേധം സംഘടപ്പിക്കുമെന്ന് മഞ്ഞപ്പട നേരത്തേ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ തങ്ങൾക്ക് നേരെ അടിച്ചമർത്തലും ഭീഷണിയും ഉയർത്തുന്നു എന്നാണ് മഞ്ഞപ്പടയുടെ ആരോപണം.

മഞ്ഞപ്പട പങ്കുവെച്ച കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ: ‘‘കഴിഞ്ഞ 11 വർഷമായി മഞ്ഞപ്പട തങ്ങളുടെ ഹൃദയവും രക്തവും വിയർപ്പുമെല്ലാം കേരള ബ്ലാസ്റ്റേഴ്സിനായി നൽകി. ഉയർച്ചയിലും താഴ്ച്ചയിലും ഞങ്ങൾ ക്ലബിനൊപ്പം മറ്റെന്തിനേക്കാളും ഉറച്ചുനിന്നു. ഞങ്ങൾ ആരാധകർ മാത്രമായിരുന്നില്ല. ക്ലബി​ന്റെ ഹൃദയമിടിപ്പ് കൂടിയായിരുന്നു. പക്ഷേ ഞങ്ങൾക്കെന്താണ് തിരികെ ലഭിച്ചത്? അടിച്ചമർത്തലും ഭീഷണിയും അപമാനവുമല്ലാതെ മറ്റൊന്നും തിരികെ കിട്ടിയില്ല’’.

‘‘അടുത്തിടെ മഞ്ഞപ്പട നടത്തിയ പ്രതിഷേധങ്ങൾ ക്ലബിനോടുള്ള സ്നേഹം കൊണ്ടും മികച്ച ടീമുകളുടെ കൂട്ടത്തിൽ കാണാനുള്ള ആഗ്രഹം കൊണ്ടും മാത്രമാണ്. ഞങ്ങളുടെ പ്രതിഷേധം സമാധാനപരമായിരുന്നു. പക്ഷേ അവസാന രണ്ട് ഹോം മത്സരങ്ങളിൽ ഞങ്ങൾക്ക് സമാനതകളില്ലാത്ത വെല്ലുവിളികളാണ് നേരിട്ടത്

-ഞങ്ങളുടെ പ്രധാന അംഗങ്ങളെ തടങ്കലിലാക്കി, ഭീഷണിപ്പെടുത്തലിനൊപ്പം പലരെയും കരുതൽ തടങ്കലിലാക്കി
-ബാനറുകളും ചിഹ്നങ്ങളും പിടിച്ചെടുത്തു
– മാനേജ്മെന്റിനെതിരായ മുദ്രാവാക്യങ്ങൾ ചൊല്ലരുതെന്ന് മുന്നറിയിപ്പ് നൽകി

കളിക്കാർക്കൊപ്പം ഞങ്ങൾ എപ്പോഴും നിന്നിട്ടുണ്ട്. നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്. ഈ​ പോരാട്ടം ഞങ്ങളേക്കാളുപരി ക്ലബി​െൻ നിലനിൽപ്പിനാണ്’’

എന്നാൽ മഞ്ഞപ്പടയുടെ ആരോപണങ്ങൾക്കെതിരെ നേരത്തേ ബ്ലാസ്റ്റേഴ്സ് പ്രതികരിച്ചിരുന്നു. ആരാധക പ്രതിഷേധത്തിനെതിരെ നടപടിയെടുക്കാൻ പൊലീസിനെ ഏൽപ്പിച്ചി​ട്ടി​ല്ലെന്നും ആരാധകർക്ക് പ്രതിഷേധത്തിനുള്ള അവകാശമുണ്ടെന്ന് വിശ്വസിക്കുന്നതായും ക്ലബ് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *