ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ഗസ്സ യുവാവിനെ ഇസ്രായേല്‍ സൈന്യം നായയ്ക്ക് ഇട്ടുകൊടുത്തു; കടിച്ചുകീറി കൊന്നു


ഗസ്സ സിറ്റി: ”അവന്‍ ഭിന്നശേഷിക്കാരനാണ്, ഒന്നും ചെയ്യരുത്, ദയ കാണിക്കണമെന്നെല്ലാം കെഞ്ചിനോക്കി. എന്നാല്‍, പൊലീസ് നായയെ അവര്‍ അഴിച്ചുവിട്ടു. നായ അവന്റെ നെഞ്ചും കൈയുമെല്ലാം കടിച്ചുകീറി. അവന് ഒന്നും ശബ്ദിക്കാന്‍ പോലുമായില്ല.. ആകെ രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു.”

24കാരനായ മുഹമ്മദ് ബര്‍റിന്റെ 70കാരിയായ മാതാവ് നബീല ബര്‍റിന് ഇനിയും ആ ജൂലൈ മൂന്നിലെ നടുക്കുന്ന ഓര്‍മയില്‍നിന്ന് മുക്തയാകാന്‍ കഴിഞ്ഞിട്ടില്ല. അന്നാണ്, ഇസ്രായേല്‍ സൈന്യം പൊലീസ് നായയുമായി ഷുജാഇയ്യയിലെ അവരുടെ വീട്ടിലേക്ക് ഇരച്ചെത്തിയത്. വീട്ടില്‍ കണ്ടെതെല്ലാം അടിച്ചുതകര്‍ക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തത്. ഡൗണ്‍ സിന്‍ഡ്രോമും ഓട്ടിസവും ബാധിച്ച നിസ്സഹായനായ മുഹമ്മദിനുനേരെ നായയെ അഴിച്ചുവിട്ടത്. കണ്‍മുന്നില്‍കണ്ട ഇസ്രായേല്‍ ക്രൂരതകള്‍ വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെയാണ് ആ വൃദ്ധമാതാവ് ബി.ബി.സി റിപ്പോര്‍ട്ടറോട് വിവരിച്ചത്.

ഇസ്രായേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഗസ്സയിലെ സ്വന്തം വീട് പൂട്ടിയിറങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍, അഭയം തേടിയയിടങ്ങളിലൊന്നും രക്ഷയുണ്ടായിരുന്നില്ല. ഇസ്രായേല്‍ സൈന്യവും മിസൈലുകളും അവരെ എല്ലായിടത്തും പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഷുജാഇയ്യയിലെ ബന്ധുവീട്ടിലെത്തുംമുന്‍പ് 15 സ്ഥലങ്ങളില്‍ മാറിമാറിത്താമസിച്ചിരുന്നുവെന്നാണ് നബീല പറയുന്നത്. ജിബ്രീലിലേക്കു മാറിത്താമസിച്ചാല്‍ അവിടെയും ബോംബുവര്‍ഷം ആരംഭിക്കും. അങ്ങനെ ഹൈദര്‍ സ്‌ക്വയറിലേക്ക് ഓടും. അവിടെ ഒന്ന് സ്വസ്ഥമായി ഇരിക്കാമെന്നു വിചാരിച്ചാലുണ്ടോ നടക്കുന്നു, പിന്നാലെ ആക്രമണം അവിടെയുമെത്തും. ഹൈദര്‍ സ്‌ക്വയറില്‍നിന്ന് രിമാലിലേക്ക്, രിമാലില്‍നിന്ന് ഷവാ സ്‌ക്വയറിലേക്ക്, ഷവാ സ്‌ക്വയറില്‍നിന്ന് ഷുജാഇയ്യയിലേക്ക്. ഇങ്ങനെ ജീവനുംകൊണ്ട് നിര്‍ത്താതെ ഓടുകയാണ്; സ്വന്തമായി ഒന്നും ചെയ്യാനാകാതെ മുഹമ്മദിനെയും താങ്ങിപ്പിടിച്ചുവേണം ഓരോ ഇടങ്ങളിലുമെത്താന്‍.

മുഹമ്മദ് ബര്‍
ഒടുവില്‍ ഷുജാഇയ്യയിലും ഇസ്രായേല്‍ സൈന്യം എത്തി. ജൂണ്‍ 27നാണ് സൈന്യത്തിന്റെ മുന്നറിയിപ്പ് ലഭിച്ചത്. എത്രയും പെട്ടെന്ന് വീടുകള്‍ ഒഴിഞ്ഞുപോകണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, ഇനിയും മുഹമ്മദിനെയും എടുത്ത് എങ്ങോട്ടു രക്ഷപ്പെടാനാണ്! വീടിനുള്ളില്‍ ഒളിച്ചിരുന്നു അവര്‍. പുറത്ത് സൈനിക വാഹനങ്ങള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇരമ്പിയാര്‍ക്കുന്നു. വെടിവയ്പ്പും ആര്‍ത്തനാദങ്ങളുമെല്ലാം കേള്‍ക്കുന്നുണ്ട്.

ഒടുവില്‍ നബീലയെയും മുഹമ്മദിനെയും തേടിയും അവരെത്തി. ഷുജാഇയ്യയിലെ നസാസ് സ്ട്രീറ്റിലുള്ള വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു ഇസ്രായേല്‍ സൈന്യം. വീട്ടിലെ ഉപകരണങ്ങളും പാത്രങ്ങളുമെല്ലാം അടിച്ചുതകര്‍ക്കുന്ന ബഹളമാണ് ആദ്യം കേട്ടത്. പിന്നീടാണു നായയുമായി അവര്‍ ബന്ധുക്കള്‍ക്കൊപ്പം ഒളിച്ചുകഴിഞ്ഞ മുറിയിലുമെത്തിയത്.

പിന്നീട് നടന്നത് ആ വൃദ്ധമാതാവ് തന്നെ വിവരിക്കുന്നു:

”അവന്‍ ഭിന്നശേഷിക്കാരനാണ്, ഒന്നും ചെയ്യരുതെന്നു കെഞ്ചിനോക്കി. ദയ കാണിക്കണം. നായയെ അവന്റെ അടുത്തേക്ക് വിടരുതെന്ന് അപേക്ഷിച്ചു. എന്നാല്‍, അപ്പോഴേക്കും നായ അവനെ ആക്രമിച്ച് നെഞ്ചിലും കൈയിലുമെല്ലാം കടിച്ചുപറിച്ചിരുന്നു. മുഹമ്മദിന് ഒന്നും പറയാനാകുന്നുണ്ടായിരുന്നില്ല; ‘ഏയ്, ഏയ്’ എന്നു ശബ്ദം വയ്ക്കാനേ അവനെക്കൊണ്ട് ആയുള്ളൂ..

നായ അവന്റെ കൈ കടിച്ചുപറിച്ചു. രക്തം ഒഴുകുന്നുണ്ടായിരുന്നു. അവന്റെ അടുത്തേക്ക് ഓടിച്ചെല്ലാന്‍ നോക്കിയെങ്കിലും എനിക്കായില്ല. ഒരാള്‍ക്കും അതിനെ തടയാനായില്ല. നായയുടെ തലയില്‍ തലോടി നിര്‍ത്താന്‍ അപേക്ഷിക്കുന്നുണ്ടായിരുന്നു അവന്‍. ഒടുവില്‍ അവന്‍ ക്ഷീണിച്ചു നിര്‍ത്തി. നായ അവനെ കടിച്ചുപറിച്ചു. അവന്റെ ശരീരത്തില്‍നിന്നു രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു.

ഇത്രയും ആയപ്പോഴേക്ക് സൈനികര്‍ അവനെ മറ്റൊരു മുറിയിലേക്കു കൊണ്ടുപോയി വാതിലടച്ചു. അവന് എന്താണു സംഭവിക്കുന്നതെന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല. ബഹളംവച്ചതോടെ അവര്‍ ഞങ്ങള്‍ക്കുനേരെ തോക്ക് ചൂണ്ടി മിണ്ടാതിരിക്കാന്‍ പറഞ്ഞു. ഞങ്ങളെ മറ്റൊരു മുറിയിലിട്ട് വാതിലടച്ചു. മുഹമ്മദ് മറ്റൊരു മുറിയില്‍ ഒറ്റയ്ക്കും. സൈനിക ഡോക്ടര്‍ വരുന്നുണ്ടെന്നു പറഞ്ഞാണ് അവര്‍ ഞങ്ങളെ അടക്കിനിര്‍ത്തിയത്.”

മുഹമ്മദിന്‍റെ മാതാവ് നബീല
ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് നബീലയോടും ബന്ധുക്കളോടും വീട് വിട്ടുപോകാന്‍ നിര്‍ദേശിച്ചു. തോക്കിന്‍മുനയില്‍ നിര്‍ത്തിയായിരുന്നു ഭീഷണി. മുഹമ്മദിനെ അവര്‍ വിട്ടുകൊടുത്തില്ല. കരഞ്ഞ് അപേക്ഷിച്ചെങ്കിലും രക്ഷയുണ്ടായിരുന്നില്ല. മുഹമ്മദിന്റെ രണ്ട് സഹോദരങ്ങളെ സൈന്യം അറസ്റ്റ് ചെയ്തുകൊണ്ടുപോയി. ബാക്കിയുള്ളവര്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന ഒരു കെട്ടിടത്തില്‍ അഭയം തേടുകയായിരുന്നു.

അറസ്റ്റ് ചെയ്തുകൊണ്ടുപോയ സഹോദരങ്ങളെ ആഴ്ചകള്‍ പിന്നിട്ടിട്ടും വിട്ടുകൊടുത്തില്ല. സംഭവം നടന്ന ഒരാഴ്ച കഴിഞ്ഞ് മറ്റൊരു സഹോദരന്‍ ജിബ്രീല്‍ മുഹമ്മദിനെ തിരഞ്ഞ് വീട്ടില്‍ ചെന്നു നോക്കിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണു കണ്ടത്. കൈയില്‍ മുറിവുകളുമായി മുഹമ്മദ് നിലത്ത് മരിച്ചുകിടക്കുന്നു! ചുറ്റും രക്തം തളംകെട്ടിനിന്ന പാടുകളുണ്ട്.

അവനെ ചികിത്സയ്ക്കായി സൈന്യം കൊണ്ടുപോയിക്കാണുമെന്ന ആശ്വാസത്തിലായിരുന്നു നബീലയും കുടുംബവും. എന്നാല്‍, അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. മുഹമ്മദിനെ ആ മുറിയില്‍ ഒറ്റയ്ക്ക് ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു അവര്‍. കൈയിലും നെഞ്ചിലുമുള്ള മുറിവുകളില്‍നിന്നു രക്തം വാര്‍ന്നോ, ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ ഒന്നും ലഭിക്കാതെയോ അവന്‍ മരിച്ചതാകാമെന്നാണ് അവര്‍ കരുതുന്നത്. ഉമ്മയും കുടുംബവുമെത്തി മരണാനന്തര കര്‍മങ്ങള്‍ ചെയ്ത് വീടിനു തൊട്ടടുത്തു തന്നെ ഖബറടക്കിയിരിക്കുകയാണിപ്പോള്‍ മുഹമ്മദിനെ.

മുഹമ്മദിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് രക്തം തളംകെട്ടിക്കിടന്ന പാടുകള്‍
സ്വന്തമായി ഒന്നും ചെയ്യാനാകുമായിരുന്നില്ല മകനെന്ന് നബീല പറയുന്നു. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വസ്ത്രം മാറാനുമെല്ലാം പരസഹായം വേണം. അടിവസ്ത്രം മാറ്റിക്കൊടുക്കുന്നത് ഞാനാണ്. അടിവസ്ത്രം മാറ്റിക്കൊടുക്കുന്നതും കിളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലാം താനായിരുന്നുവെന്ന് അവര്‍ പറയുന്നു. ഇസ്രായേല്‍ ആക്രമണം ആരംഭിച്ച ശേഷം പുറത്ത് എന്താണു നടക്കുന്നതെന്ന് അവന് മനസിലാകുന്നുണ്ടായിരുന്നില്ല.

എപ്പോഴും വീട്ടിലെ ഒരു സോഫയിലിരിക്കും അവന്‍. അവിടെനിന്നു മാറാന്‍ പോടും പേടിയാണ്. അവനെ പുറത്തെ വെടിയും സ്‌ഫോടനശബ്ദവുമെല്ലാം അവനെ കൂടുതല്‍ ഭയചകിതനാക്കിയിരുന്നുവെന്നാണു കുടുംബം പറയുന്നത്. പേടിയാകുന്നുവെന്ന് അവന്‍ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്ന് നബീല ഓര്‍ത്തെടുക്കുന്നു. തന്റെ കണ്‍മുന്നില്‍ വച്ചാണ് നായ അവനെ കടിച്ചുകീറിയത്. ആ കാഴ്ചകള്‍, ആ നിമിഷങ്ങള്‍ ഒരിക്കലും മനസില്‍നിന്നു മറയില്ലെന്നു പറഞ്ഞാണ് നബീല സംസാരം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *