ബെർണബ്യൂവിൽ റയലിന് കണ്ണീർ; അട്ടിമറി വിജയുമായി ഗെറ്റാഫെ

മാഡ്രിഡ്: ലാ ലിഗയിൽ റയൽ മാഡ്രിഡിന്റെ കിരീടപ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ ചൊവ്വാഴ്ച്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഗെറ്റാഫെ റയലിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ തകർപ്പൻ വോളിയിലൂടെ മാർട്ടിൻ സാട്രിയാനോ നേടിയ ഗോളാണ് ഗെറ്റാഫെയ്ക്ക് വിജയം സമ്മാനിച്ചത്. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കാനുള്ള സുവർണാവസരമാണ് തോൽവിയോടെ റയൽ നഷ്ടപ്പെടുത്തിയത്. നിലവിൽ ബാഴ്സലോണയ്ക്ക് 64 പോയിന്റും രണ്ടാമതുള്ള റയൽ മാഡ്രിഡിന് 60 പോയിന്റുമാണുള്ളത്.
നീണ്ട 18 വർഷങ്ങൾക്ക് ശേഷമാണ് സാന്റിയാഗോ ബെർണബ്യൂവിൽ ഗെറ്റാഫെ വിജയം സ്വന്തമാക്കുന്നത്. വിജയത്തോടെ ഗെറ്റാഫെ 32 പോയിന്റുമായി ലീഗിൽ പതിനൊന്നാം സ്ഥാനത്തേക്ക് മുന്നേറി. പരിക്കിന്റെ പിടിയിലായ കിലിയൻ എംബാപ്പെ, ജൂഡ് ബെല്ലിംഗ്ഹാം, എഡർ മിലിറ്റാവോ എന്നീ സൂപ്പർ താരങ്ങൾ ഇല്ലാതെയാണ് പരിശീലകൻ അൽവാരോ അർബെലോവ റയലിനെ കളത്തിലിറക്കിയത്. 18-കാരനായ മിഡ്‌ഫീൽഡർ തിയാഗോ പിറ്റാർക്കിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചു.
മത്സരത്തിന്റെ തുടക്കം മുതൽ പന്ത് കൈവശം വെക്കുന്നതിൽ റയൽ മേധാവിത്വം പുലർത്തിയെങ്കിലും ഗെറ്റാഫെയുടെ പ്രതിരോധം ഭേദിക്കാനായില്ല. ആദ്യ പകുതിയിൽ തുടർച്ചയായി റയൽ മാഡ്രിഡ് മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. 13-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെയും, 24-ാം മിനിറ്റിൽ മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്നെത്തിയ ആർദ ഗുലറിന്റെയും മുന്നേറ്റങ്ങൾ ഗെറ്റാഫെ ഗോൾകീപ്പറുടെ കൈകളിൽ അവസാനിച്ചു. 39-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏക ഗോൾ പിറന്നത്. റയൽ പ്രതിരോധം പന്ത് ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ പിഴവ് മുതലെടുത്ത മാർട്ടിൻ സാട്രിയാനോ, ബോക്സിന് പുറത്തുനിന്നും തൊടുത്തുവിട്ട തകർപ്പൻ വോളി വലയുടെ ഇടത്തേ മൂലയിൽ പതിക്കുകയായിരുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ലിയോണിൽ നിന്ന് ലോണിലെത്തിയ ഈ ഉറുഗ്വേ താരത്തിന്റെ മൂന്ന് മത്സരങ്ങൾക്കിടയിലെ രണ്ടാമത്തെ ഗോളാണിത്.
ആദ്യ പകുതി പിന്നിട്ടപ്പോൾ സ്വന്തം കാണികളിൽ നിന്നുതന്നെ റയലിന് കൂവൽ നേരിടേണ്ടി വന്നു. രണ്ടാം പകുതിയിൽ ട്രെന്റ് അലക്സാണ്ടർ-അർനോൾഡിന് പകരം ഡാനി കാർവഹാലിനെയും, കൂടാതെ റോഡ്രിഗോ, ഡീൻ ഹുയ്‌സെൻ എന്നിവരെയും അർബെലോവ കളത്തിലിറക്കി സമനിലയ്ക്കായി പൊരുതി. അന്റോണിയോ റൂഡിഗറും റോഡ്രിഗോയും ഗോളിനടുത്തെത്തിയെങ്കിലും ഗെറ്റാഫെയുടെ അഞ്ചംഗ പ്രതിരോധ കോട്ട തകർക്കാനായില്ല. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ റയലിന്റെ ഫ്രാങ്കോ മാസ്റ്റന്റുവോണോയും അവസാന മിനിറ്റിൽ ഗെറ്റാഫെയുടെ അഡ്രിയാൻ ലിസോയും ചുവപ്പുകാർഡ് കണ്ട് പുറത്തായി. കൂടുതൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചിട്ടും ഗോളാക്കാൻ കഴിയാതിരുന്നത് തിരിച്ചടിയായെന്നും, ഗെറ്റാഫെ മികച്ച കളിയാണ് പുറത്തെടുത്തതെന്നും റയൽ പരിശീലകൻ അൽവാരോ അർബെലോവ പ്രതികരിച്ചു. അതേസമയം, പ്രതിരോധത്തിലെ മികച്ച പ്രകടനമാണ് ചരിത്രവിജയത്തിന് വഴിയൊരുക്കിയതെന്ന് ഗെറ്റാഫെ താരം കിക്കോ ഫെമെനിയ പറഞ്ഞു.
