കത്തിക്കയറി പൊന്ന്! സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1800 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. പവന് 1800 രൂപയാണ് ഇന്ന് ഉയർന്ന്. ഇതോടെ റെക്കോഡുകൾ മറികടന്ന് ഒരു പവൻ പൊന്നിന് 1,19,320 രൂപയായി. ഗ്രാമിന് 225 രൂപയാണ് ഇന്ന് വർധിച്ചത്. 14,915 രൂപയാണ് ഇന്നത്തെ നിരക്ക്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 5000 ഡോളർ പിന്നിടുകയും ചെയ്തു.
ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.
ഗ്രീൻലാൻഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ കൂടുതൽ തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയിൽ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.
