‘മുന്നില്‍ പൊലീസുണ്ടേ…’ യാത്രക്കാര്‍ക്ക് പുതിയ അപ്ഡേഷനുമായി ഗൂഗിള്‍ മാപ്പ്
ഗൂഗിള്‍ മാപ്പ് പണി തരുന്ന വാര്‍ത്ത ദിനംപ്രതി നാം അറിയുകയാണ്. ഗൂഗിള്‍ മാപ്പ് നല്കുന്ന തെറ്റായ വിവരങ്ങള്‍ വലിയ അപകടങ്ങള്‍ വരെ വരുത്തിവെക്കുന്നു. ഇതിനിടയില്‍ പുതിയ അപ്ഡേഷനുമായെത്തിയിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ മാപ്പ് ഇനി മുതല്‍ അവരുടെ നാവിഗേഷന്‍ ആപ്പായ വേസ് വഴി പല മുന്നറിയിപ്പുകളും യാത്രക്കാര്‍ക്ക് നല്‍കുന്നതായിരിക്കും.
ട്രാഫിക് മുന്നറിയിപ്പ് മുതല്‍ പൊലീസുകാര്‍ മുന്നിലുണ്ടെങ്കില്‍ ആ വിവരവും വേസ് അറിയിക്കുന്നതായിരിക്കും. ഗൂഗിള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. റോഡ് അടച്ചിടല്‍, നടന്നു കൊണ്ടിരിക്കുന്ന നിര്‍മാണങ്ങള്‍, സ്പീഡ് ക്യാമറകള്‍, പൊലീസ് സാന്നിധ്യം എന്നിവ ഗൂഗിള്‍ മാപ്പും വേസും ചേര്‍ന്ന് നല്‍കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഉപയോക്താക്കള്‍ക്ക് റോഡില്‍ നിന്നുളള പ്രശ്നങ്ങളും ആപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. നിലവില്‍ ട്രാഫിക് മുന്നറിയിപ്പുകള്‍ ഗൂഗിള്‍ മാപ്പ് നല്‍കുന്നുണ്ടെങ്കിലും വേസ് മുഖേനയുള്ള മറ്റ് യാത്രക്കാരുടെ അറിയിപ്പ് പുതിയ അപ്ഡേഷനാണ്. 2022ലാണ് ഗൂഗിള്‍ മാപ്പിനെയും വേസിനെയും സംയോജിപ്പിച്ചത്.