ഗവർണറുടെ അസാധാരണ ശിപാർശ: നിയമസാധുതയിൽ ഉയരുന്നത് വലിയ ചോദ്യങ്ങൾ

തിരുവനന്തപുരം: പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണർ നൽകിയ അസാധാരണ ശിപാർശയുടെ നിയമ-ഭരണഘടന സാധുതയിൽ ഉയരുന്നത് വലിയ ചോദ്യങ്ങൾ. ചെയർമാന്റെയും അംഗങ്ങളുടെയും ഭരണഘടനപരമായ നിയമനാധികാരി എന്ന നിലയിലാണ് ചുമതലയിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ഗവർണർ ഉന്നയിച്ചതെങ്കിലും ഇത് സംസ്ഥാന സർക്കാറിന്റെ അറിവോടെയാണോ എന്നതാണ് പ്രസക്തം.
ഭരണഘടനയനുസരിച്ച് സംസ്ഥാന മന്ത്രിസഭയുടെ ‘സഹായവും ഉപദേശവും’ അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണറുടെ ‘വ്യക്തിപരമായ സംതൃപ്തി’ എന്നത് ഭരണഘടനാപരമായി മന്ത്രിസഭയുടെ സംതൃപ്തിയാണ്. സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരം ഗവർണറുടെ പേരിലാണ് പ്രയോഗിക്കുന്നതെങ്കിലും യഥാർത്ഥ അധികാരം മന്ത്രിസഭക്കാണ്. സർക്കാറിന്റെ ശിപാർശയില്ലാതെ നൽകിയ റിപ്പോർട്ട് ഭരണഘടന വിരുദ്ധമാണെന്നാണ് വിലയിരുത്തൽ. ഗവർണറുടെ നീക്കം സർക്കാർ അറിഞ്ഞിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്.
മറുഭാഗത്ത് സുപ്രീംകോടതിയുടെ കൃത്യമായ വസ്തുതാന്വേഷണ റിപ്പോർട്ട് ഇല്ലാതെ രാഷ്ട്രപതിക്ക് പോലും പി.എസ്.സി അംഗങ്ങളുടെ കാര്യത്തിൽ നടപടിയെടുക്കാനാകില്ല. നടപടിക്രമങ്ങൾ പാലിച്ച് മൊഴിയെടുക്കലും തെളിവെടുക്കലുമടക്കം സുപ്രീംകോടതി സ്വന്തം നിലക്ക് സമഗ്ര അന്വേഷണം നടത്തിയാണ് റിപ്പോർട്ട് തയാറാക്കുക. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊലീസ് ഏജൻസികൾ തയാറാക്കുന്ന അന്വേഷണ റിപ്പോർട്ടുകളെ സുപ്രീംകോടതി അംഗീകരിക്കണമെന്നില്ല.
‘പെരുമാറ്റദൂഷ്യം’ തെളിയിക്കണം, പക്ഷേ കഠിനം
ഭരണഘടന പ്രകാരം പി.എസ്.സി ചെയർമാനേയോ ഏതെങ്കിലും അംഗത്തെയോ ‘പെരുമാറ്റദൂഷ്യം’ എന്ന ഒറ്റ കാരണത്താൽ മാത്രമേ നീക്കം ചെയ്യാൻ സാധിക്കുകയുള്ളൂ. ഗവർണറുടെ ശിപാർശ സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്ന ഘട്ടത്തിൽ ഉയരുന്ന ഏറ്റവും വലിയ നിയമപ്രശ്നം, ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ ഭരണഘടന നിർദ്ദേശിക്കുന്ന ‘പെരുമാറ്റദൂഷ്യം’ എന്ന നിർവചനത്തിനുള്ളിൽ വരുമോ എന്നതാണ്.
സാധാരണ സർക്കാർ ജീവനക്കാർക്കെതിരെ ചുമത്തുന്ന ‘കൃത്യവിലോപം’ ‘പെരുമാറ്റച്ചട്ട ലംഘനം’ എന്നതിനേക്കാൾ വളരെ വിശാലവും അതേസമയം തന്നെ കർശനമായി തെളിയിക്കപ്പെടേണ്ടതുമായ ഒന്നാണ് ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ ‘പെരുമാറ്റദൂഷ്യം’. വ്യക്തിപരമായ സാമ്പത്തിക ലാഭം, ഗൂഢാലോചനയിൽ നേരിട്ടുള്ള പങ്കാളിത്തം, കൃത്യമായ അഴിമതി എന്നിവ തെളിവുകളുടെ അടിസ്ഥാനത്തിൽ സംശയാതീതമായി തെളിയിക്കപ്പെടേണ്ടതുണ്ട്. കേരളത്തിലെ പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും കൂട്ടായോ വ്യക്തിപരമായോ ഉള്ള ‘പെരുമാറ്റദൂഷ്യമായി’ സുപ്രീംകോടതിയിൽ സ്ഥാപിച്ചെടുക്കുക എളുപ്പമല്ല.
ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരെ കേവലം ഭരണപരമായ കെടുകാര്യസ്ഥതയുടെയോ സാങ്കേതിക പിഴവുകളുടെയോ പേരിൽ പുറത്താക്കാൻ കഴിയില്ലെന്നത് സംബന്ധിച്ച് സുപ്രീംകോടതി വിധികളും നിരവധിയാണ്.
നേരിട്ട് നീക്കാം, ഈ മൂന്ന് ഘട്ടങ്ങളിൽ
*അംഗം സാമ്പത്തികമായി പാപ്പരായി പ്രഖ്യാപിക്കപ്പെടുക
*ഔദ്യോഗിക പദവിക്ക് പുറമെ പ്രതിഫലം ലഭിക്കുന്ന മറ്റു ജോലിയിൽ പ്രവേശിക്കുക
*ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങൾ കാരണം ജോലി തുടരാൻ അയോഗ്യനാവുക
