ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ കടുംവെട്ട്; നിർദേശം ലംഘിച്ച് വെട്ടിമാറ്റിയത് 129 പാരഗ്രാഫുകൾ
തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ കടുംവെട്ട്. വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ വെട്ടിമാറ്റിയ ശേഷമാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്.
21 പാരഗ്രാഫുകൾ നീക്കാനാണ് വിവരാവകാശ കമ്മീഷൻ നീക്കാൻ നിർദേശിച്ചത്. എന്നാൽ 129 പാരഗ്രാഫുകൾ വെട്ടിമാറ്റിയ ശേഷമാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. സ്വകാര്യതയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം.
നാലര വർഷം പൂഴ്ത്തിവച്ച റിപ്പോർട്ട്, സ്വകാര്യത വെളിവാക്കുന്ന വിവരങ്ങൾ മാറ്റിവച്ച ശേഷം നൽകാമെന്ന് വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനു പിന്നാലെയാണ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഒടുവിൽ പുറത്തുവിടാൻ സർക്കാർ തയാറായത്. ഇതിൽ ചില ഭാഗങ്ങൾ വെട്ടിമാറ്റുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നു.
എന്നാൽ അപേക്ഷകരോട് പറയാത്ത മറ്റു ചില ഭാഗങ്ങൾക്കൂടി മാറ്റുകയായിരുന്നു. 49 മുതൽ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. ഇങ്ങനെ നീക്കിയത് 129 പാരഗ്രാഫുകൾ. ഇതിൽ സുപ്രധാനമായ 96ാം പാരഗ്രാഫും വെട്ടിമാറ്റി. മുന്നിൽവന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ, ലൈംഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളാണ്. അത് കമ്മീഷന് ബോധ്യമുണ്ട്. അവരുടെ പേരുകളും കമ്മീഷൻ മുമ്പാകെ പറയപ്പെട്ടു- എന്നാണ് ഈ പാരഗ്രാഫിൽ പറയുന്നത്.
സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ.എ അബ്ദുൽ ഹക്കീം ഈ റിപ്പോർട്ട് മുഴുവൻ വായിച്ച ശേഷമാണ് വ്യക്തികളുടെ സ്വകാര്യത വെളിവാക്കുന്ന ചില ഭാഗങ്ങൾ ഒഴിവാക്കാമെന്ന് നിർദേശിച്ചത്. അനുബന്ധവും നൽകേണ്ടതില്ലെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഇത് മറികടന്നാണ് 129 പാരഗ്രാഫുകൾ സാംസ്‌കാരിക വകുപ്പിലെ ഉദ്യോഗസ്ഥർ വെട്ടിമാറ്റിയത്. ഇതെന്തിനായിരുന്നു എന്ന ചോദ്യവും നടപടിയിൽ വിമർശനവും ഉയർത്തി നിയമവിദഗ്ധരടക്കം രംഗത്തെത്തിയിട്ടുണ്ട്.