രോഗികളെ പരിചരിക്കാനെന്ന വ്യാജേനയെത്തി; വയോധികയുടെ മാല ഊരിയെടുത്ത സംഘം മുങ്ങി
പറവൂർ: കിടപ്പ് രോഗികളെ പരിചരിക്കാനെന്ന വ്യാജേന എത്തിയ രണ്ടംഗ സംഘം വയോധികയുടെ മാല ഊരിയെടുത്ത് മുങ്ങി. കൈതാരം പഴയ പോസ്റ്റ് ഓഫിസിന് സമീപം പൂവ്വത്തിങ്കൽ റോഡിൽ ഗ്രീൻലാൻഡ് വില്ലയിലെ കിഴക്കേ കിളി കൂടയിൽ വീട്ടിൽ ഭവാനിയുടെ (83) ഒന്നേകാൽ പവന്‍റെ മാലയാണ് കവർന്നത്.
ശനിയാഴ്ച രാവിലെ 11.30 ടെയാണ് സ്ത്രീകൾ ഇവരുടെ വീട്ടിലെത്തിയത്. വാർധക്യ സഹജമായ അസുഖങ്ങൾ ബാധിച്ചവരെ പരിപാലിക്കാൻ എത്തിയവരാണ് തങ്ങളെന്ന് പരിചയപ്പെടുത്തിയാണ് സംസാരിച്ചത്. കുറച്ചുനേരം സംസാരിച്ചതിന് ശേഷം മാലയുടെ കൊളുത്ത് ഊരി കിടക്കുകയാെണന്ന് പറഞ്ഞു. ഇത് ശരിയാക്കി തരാമെന്ന് പറഞ്ഞു ഊരിയുമെടുത്തു. എന്നിട്ട് മാലയുടെ കൊളുത്ത് ശരിയാക്കുന്ന രീതിയിൽ അഭിനയിക്കുന്നതിനിടയിൽ സ്ത്രീകളുടെ ൈകെയിൽ കരുതിയിരുന്ന മുക്കുപണ്ട മാല അണിയിച്ചു കൊടുത്തു.
സംശയം തോന്നിയ വയോധിക ബഹളം വെച്ചു. ഇതിനിടയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ ചെറുമകൻ അഭിഷേക് (20) ബഹളം കേട്ട് പുറത്തേക്ക് വന്നു. അപ്പോഴേക്കും സ്ത്രീകൾ കടന്നു കളഞ്ഞു. പൊലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും കവർച്ച നടത്തിയവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരാൾ ചുരിദാർ ധരിച്ച് മുഖത്ത് മാസ്ക് ഉപയോഗിച്ച് മറച്ച നിലയിലും മറ്റൊരു സ്ത്രീ ഓവർ കോട്ട് ധരിച്ചുമാണ് എത്തിയതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.