നാല് ദിവസത്തിനിടെ 48 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയെന്ന് ഹമാസ്

kerala, Malayalam news, the Journal,

ഗസ്സ: ഗസ്സയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 48 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ് സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂ ഉബൈദ അവകാശപ്പെട്ടു. ഇസ്രായേലിന്റെ 35 സൈനിക വാഹനങ്ങൾ പൂർണ​മായോ ഭാഗികമായോ ഹമാസ് പോരാളികൾ തകർത്തതായും ഡസൻ കണക്കിന് ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം ടെലഗ്രാമിലൂടെ അറിയിച്ചു. രണ്ടു ദിവസത്തിനിടെ 15 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഗസ്സയിൽ ഹമാസ് കൊലപ്പെടുത്തുന്ന ​സൈനികരുടെ യഥാർഥ കണക്ക് ഇപ്പോഴും ഇസ്രായേൽ പുറത്തുവിടുന്നില്ലെന്ന് ഗസ്സ മീഡിയ ഓഫിസ് ഡയറക്ടർ ഇസ്മായിൽ അൽസവാബ്ത ആരോപിച്ചു. കൊല്ല​​പ്പെടുന്ന സൈനികരിൽ 10 ശതമാനം പേരുടെ പേരുവിവരങ്ങളും കണക്കുകളും മാത്രമേ ഇസ്രായേൽ വെളിപ്പെടുത്തുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ‘യുദ്ധം അവസാനിക്കുമ്പോൾ ഗസ്സയിൽ കൊല്ലപ്പെടുന്ന ജനറൽമാരും ഓഫിസർമാരും അടക്കമുള്ള സൈനികരുടെ എണ്ണം 5,000 കവിയും. അധിനിവേശകർ അവരുടെ യഥാർഥ നഷ്ടം മറച്ചുവെക്കുകയും മരിച്ചവരിൽ 10 ശതമാനത്തെ മാത്രം വെളിപ്പെടുത്തുകയും ചെയ്യുന്നു’ -അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

അതിനിടെ ക്രിസ്മസ് രാവിൽ അൽ മഗാസി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 70 പേരാണ് കൊല്ലപ്പെട്ടത്. പലായനം ചെയ്യുന്നവർക്കായി ഇസ്രായേൽ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ച ക്യാമ്പിലാണ് കൊടുംക്രൂരത അരങ്ങേറിയത്. ഇവിടം സുരക്ഷിതമെന്ന് വിശ്വസിച്ച് അഭയംതേടിയ ആയിരങ്ങൾക്ക് മേലായിരുന്നു ആക്രമണം. ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേരും കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 20,000ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *