ഹോട്ടൽ ജീവനക്കാരുടെ ഹെൽത്ത് കാർഡ്; മാനദണ്ഡങ്ങൾ ലംഘിച്ച് എച്ച്.ഐ.വി പരിശോധന
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയുടെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് നിർബന്ധമാക്കിയ ഹെൽത്ത് കാർഡിന് മാനദണ്ഡങ്ങൾ ലംഘിച്ച് എച്ച്.ഐ.വി പരിശോധന. അതിരഹസ്യമായും വ്യക്തിയുടെ സമ്മതത്തോടെയും മാത്രം നടത്തേണ്ട എച്ച്.ഐ.വി പരിശോധനയാണ് ഭക്ഷ്യസുരക്ഷാവിഭാഗം പുറത്തിറക്കിയ വിവരശേഖരണത്തിനായി പരസ്യമായി നടത്തുന്നത്. ഒരു വ്യക്തിക്ക് എച്ച്.ഐ.വി പരിശോധന നടത്തുമ്പോൾ, മുമ്പും ശേഷവും നിർബന്ധമായി കൗൺസലിങ് നടത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച് നാഷനൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി (നാകോ) പ്രത്യേകം മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അത് പരസ്യമായി ലംഘിക്കുകയാണ്. ഇക്കാര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നാകോ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ കത്ത് നൽകി. ഹോട്ടൽ ജീവനക്കാരുടെ ഹെൽത്ത് കാർഡിനായി എച്ച്.ഐ.വി പരിശോധന നിർബന്ധമാക്കേണ്ടതില്ലെന്ന് കത്തിൽ വ്യക്തമാക്കി.
ഹെൽത്ത് കാർഡിനായി ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പ്രഫോർമയുമായി എത്തുന്നവരോട് ചില ആശുപത്രികളിലും ഹെൽത്ത് സെന്ററുകളും എച്ച്.ഐ.വി പരിശോധനയും നിബന്ധമാണെന്ന് അറിയിച്ചതാണ് വിവാദമായത്. എച്ച്.ഐ.വി-എയ്ഡ്സ് പ്രതിരോധയും നിയന്ത്രണവും നിയമം -2017ൽ ജോലി നേടുന്നതിനോ ആരോഗ്യ സേവനങ്ങൾക്കോ വിദ്യാഭ്യാസത്തിനോ മറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനോ എച്ച്.ഐ.വി പരിശോധന നിർബന്ധമാക്കാൻ പാടില്ലെന്ന് നിഷ്കർഷിക്കുന്നു. എച്ച്.ഐ.വി പരിശോധന നടത്തേണ്ടത് സർക്കാർ സേവന കേന്ദ്രമായ ജ്യോതിസിൽതന്നെയാവണമെന്നുണ്ട്.
ഹോട്ടൽ ജീവനക്കാർക്കുള്ള സർട്ടിഫിക്കറ്റിലും മാർഗനിർദേശങ്ങൾ പാലിക്കണം. രോഗവിവരം ഒരിടത്തും പ്രതിപാദിക്കരുത്. രോഗബാധിതനെന്ന് വ്യക്തമായാൽ ഭക്ഷണം പാചകം ചെയ്യാനും കൈകാര്യം ചെയ്യാനും യോഗ്യനാണെന്ന സർട്ടിഫിക്കറ്റുവേണം നൽകാൻ.