ആരോഗ്യ മന്ത്രി പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ; മാർച്ച് രണ്ടുവരെയുള്ള പരിപാടികൾ റദ്ദാക്കി



തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിലെത്തി. മന്ത്രിയുടെ മാര്‍ച്ച് രണ്ടു വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശാനുസരണം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. നാല് ദിവസം പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നു ഫോളോ അപ്പ് ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. കെ.എസ്‍.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് രണ്ട് ദിവസമായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ മന്ത്രി, വെള്ളിയാഴ്ച പുലർച്ചെയാണ് കാറിൽ നാട്ടിലേക്ക് മടങ്ങിയത്.

മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതിനാൽ ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് മാറ്റാൻ തീരുമാനിച്ചത്. രക്തസമ്മർദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കൽ ബോർഡ്‌ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ഡിസ്ചാർജ് ചെയ്തത്. അതേസമയം, മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് ആക്രമിച്ചുവെന്ന കേസിൽ റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി. മന്ത്രിയുടെ മൊഴിയെടുത്തിട്ടില്ലെന്നാണ് വിവരം. ഗൺമാൻ എം.എസ്. അഭിലാഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

അഞ്ച് കെ.എസ്.യു പ്രവർത്തകർ കുറ്റംചെയ്യണമെന്ന ഉദ്ദേശ്യത്തോടെ റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചുകയറി കരിങ്കൊടി കാട്ടി കൊല്ലടായെന്ന് മുദ്രാവാക്യം വിളിച്ച് മന്ത്രിക്കുനേരെ ചാടിവീണ് എന്തോ ആയുധം ഉപയോഗിച്ച് കഴുത്തിന് ആക്രമിക്കുകയും തടയാൻ ശ്രമിച്ച ഗൺമാനെ കൈകൊണ്ട് അടിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. എസ്.ഐ പി.കെ. സന്തോഷാണ് ഗൺമാന്റെ മൊഴിയെടുത്തത്. ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലാണ് നിലവിൽ കേസന്വേഷണം.