ഹേമ കമ്മിറ്റി റിപ്പോർട്ടും ലൈംഗിക ആരോപണങ്ങളും: സമ്പൂർണ ഒളിച്ചോട്ടമായി ‘അമ്മ’യിലെ കൂട്ടരാജി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനോടും നടന്മാർക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതികളോടും ഉത്തരവാദിത്തത്തോടെ പ്രതികരിക്കേണ്ട ബാധ്യതയില്‍നിന്ന് കൂടിയാണ് ‘അമ്മ’ ഭരണസമിതി രാജിവെച്ച് ഓടിരക്ഷപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നശേഷം മൗനം പാലിക്കുന്ന മോഹന്‍ലാലിന് അത് തുടരാനുള്ള അവസരവും ഭരണസമിതിയുടെ രാജി ഒരുക്കിക്കൊടുത്തു.Hema
സിനിമയിലെ അവസരങ്ങള്‍ക്കായി നടിമാർ കിടക്ക പങ്കിടണം, സൂപ്പർ താരങ്ങളടങ്ങിയ പവർ ഗ്രൂപ്പ് നടീനടന്മാരെ വിലക്കുകയും എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്നു തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ടായിരുന്നത്. സൂപ്പർ താരങ്ങള്‍ക്കും അമ്മ ഭാരവാഹികള്‍ക്കുമെതിരായ കുറ്റപത്രം കൂടിയായിരുന്നു റിപ്പോർട്ട്.
ഇതിനോട് പ്രതികരിക്കാതെ ഒളിച്ചുകളിച്ച താരസംഘടന പ്രതിനിധികൾ അഞ്ചാം ദിനത്തിലാണ് പ്രതികരണവുമായി രംഗത്തുവന്നത്. പ്രതികരിച്ചു എന്ന് വരുത്തിത്തീർത്ത് ജനറല്‍ സെക്രട്ടറി സിദ്ദിഖ് വാർത്താസമ്മേളനം നടത്തി. പ്രസിഡന്റ് മോഹന്‍ലാല്‍ വാർത്താസമ്മേളനത്തിന് എത്തിയതുമില്ല.
തൊട്ടുപിറകെ സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം വരികയും അദ്ദേഹം രാജിവെക്കുകയും ചെയ്തു. അപ്പോഴും മോഹന്‍ലാല്‍ ഒരക്ഷരം മിണ്ടിയില്ല. ബാബുരാജിന് ജനറൽ സെക്രട്ടറിയുടെ ചുമതല നല്‍കിയതിന് പിന്നാലെ അദ്ദേഹത്തിനെതിരെയും ലൈംഗിക പീഡന പരാതി ഉയർന്നു. അപ്പോഴും മോഹന്‍ലാല്‍ മൗനത്തില്‍ തന്നെ.
വൈസ് പ്രസിഡന്റുമാരായ ജഗദീഷും ജയന് ചേർത്തലയും മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും പ്രസിഡന്റ് മൗനം തുടർന്നു. ബാബുരാജിന് ചുമതലയേല്‍ക്കാനാകാതെ വരികയും ‘അമ്മ’ ഭരണസമിതിയിലെ മൂന്നു പേർ ലൈംഗിക ആരോപണത്തിൽ കുരുങ്ങുകയും ചെയ്തതോടെ മോഹന്‍ലാൽ ശരിക്കും വെട്ടിലായി.
വായയടഞ്ഞുപോയ ‘അമ്മ’ക്കും മോഹന്‍ലാലിനും രക്ഷപ്പെടാനുള്ള അവസാന പോംവഴിയായി കൂട്ടരാജിയെ വിലയിരുത്താം. കുറഞ്ഞ പക്ഷം അടുത്ത രണ്ട് മാസമെങ്കിലും ഭാരവാഹികളില്ലാത്ത ‘അമ്മ’ക്ക് ഒന്നിലും പ്രതികരിക്കേണ്ടതില്ല. ‘അമ്മ’ക്ക് നേരെ ചോദ്യങ്ങളൊന്നുമുണ്ടാകില്ല. മോഹന്‍ലാലിന് ഇനിയും മൗനം തുടരാം.