മുസ്‍ലിംകളെ കേസിൽ ​കുടുക്കാനായി പശുവിനെ അറുത്ത സംഭവത്തിൽ ഹിന്ദുമഹാസഭ ദേശീയ വക്താവ് അറസ്റ്റിൽ

ആ​ഗ്ര: രാമനവമി ഘോഷയാത്രയ്ക്കിടെ പശുക്കളെ അറുത്ത സംഭവത്തിൽ ഭാരത് ഹിന്ദു മഹാസഭയിലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗ്രയിലെ എത്മദുദ്ദൗലയിലെ ഗൗതം നഗറിൽ രാമനവമി ആഘോഷത്തിനിടെ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. സംഭവത്തിന്റെ പ്രധാന സൂത്രധാരൻ ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് സഞ്ജയ് ജാട്ടാണെന്ന് ആരോപണമുണ്ട്.

ഗൂഢാലോചനയിൽ നിരവധി ഹിന്ദു മഹാസഭ പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് സൂചന. ഗോവധം സംബന്ധിച്ച് സംഘടനാ പ്രവർത്തകൻ ജിതേന്ദ്ര കുശ്വാഹ എത്മദുദ്ദൗല പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. പൊലീസ് അന്വേഷണത്തിൽ പല വസ്തുതകളും പുറത്തുവന്നിട്ടുണ്ടെന്ന് ഡിസിപി സൂരജ് റായ് പറഞ്ഞു. ഇമ്രാൻ എന്ന താക്കൂർ, ഷാനു എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. സഞ്ജയ് ജാട്ടിന്റെ സുഹൃത്തുക്കളും അനുയായികളും മെഹ്താബ് ബാഗിൽ മാർച്ച് 29ന് രാത്രി പശുവിനെ അറുക്കുകയായിരുന്നു. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.

തൊട്ടടുത്ത ദിവസം ഇമ്രാനെയും ഷാനുവിനെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു. അതോടെ സത്യാവസ്ഥ പുറത്തു വരുകയായിരുന്നു. സംഭവത്തിൽ ഇവർക്ക് പങ്കില്ലെന്നും വ്യാജ പരാതിയിലൂടെ വർഗീയ കലാപമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ആഗ്ര ചത്ത മേഖലയിലെ അഡീഷണൽ പൊലീസ് കമീഷണർ ആർ കെ സിങ് പറഞ്ഞു. ഇതിനു പിന്നിൽ നിരവധി പേർക്ക് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതികൾക്കായുളള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *