‘നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ’; സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച പോസ്റ്റ് മുക്കി ശശി തരൂർ
തിരുവനന്തപുരം: സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച ഫേസ്ബുക് പോസ്റ്റ് മുക്കി ശശി തരൂർ. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലായിരുന്നു ശശി തരൂർ സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ചത്. കൃപേഷിന്റെയും ശരത് ലാലിന്റെയും ഫോട്ടോവെച്ച കുറിപ്പ് പകരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിപിഎമ്മിന്റെ പേര് പോലും പരാമർശിക്കാതെയുള്ള പോസ്റ്റാണ് തരൂർ പകരം ഇട്ടത്. ‘ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തിൽ നാം ഓർക്കേണ്ടതാണ്’ എന്ന് തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ വ്യവസായ സൗഹാർദ അന്തരീക്ഷത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തെയും പുകഴ്ത്തിയ ലേഖനമുണ്ടാക്കിയ വിവാദം തുടരുന്നതിനിടയിലാണ് തരൂർ പോസ്റ്റ് നീക്കം ചെയ്തത്. അതിനിടെ ലേഖന വിവാദത്തിൽ പാർട്ടി നിലപാടിന് ഒപ്പം നിൽക്കണമെന്ന് ഫോണിലൂടെ തരൂരിനോട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. എഐസിസി നിർദേശപ്രകാരമാണ് തരൂരിനെ സുധാകരൻ വിളിച്ചത്.