പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീട് തകർത്തു

 

ശ്രീനഗര്‍: പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീട് തകർത്തു. പ്രാദേശിക ഭരണകൂടമാണ് വീട് തകർത്തതെന്നാണ് നിഗമനം. പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത കശ്മീരികളുടെ വീടുകളാണ് തകർത്തത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. പുൽവാമയിലെ ത്രാൽ , അനന്ത്നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകർത്തത്.

അതേസമയം രണ്ട് ഭീകരരുടെ ചിത്രങ്ങൾ കൂടി അന്വേഷണസംഘം പുറത്തുവിട്ടു . ഇതോടെ അഞ്ചു ഭീകരരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാസേന പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ രണ്ടുപേർ പാകിസ്താനികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു.ആസിഫ് ഫൗജി,സുലൈമാൻ ഷാ,അബു തൽഹാ എന്നിവരുടെ ചിത്രങ്ങളാണ് നേരത്തെ പുറത്തുവിട്ടത്. ആക്രമണത്തിലെ ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയതെന്ന് സുരക്ഷാ സേന അറിയിച്ചു.

അതിനിടെ പാക് പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ അതിർത്തി മേഖലയിലേക്ക് വെടിവെപ്പ് ഉണ്ടായി. പാകിസ്ഥാൻ സൈന്യം വെടിയുതിർത്തെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായതായ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. സുരക്ഷ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത് . ബന്ദിപ്പോരയിലെ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേന അംഗങ്ങൾക്ക് പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് ആയിരുന്നു സുരക്ഷ തിരച്ചിൽ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *