‘ എപ്പൊ പൊളിഞ്ഞ് താഴേക്ക് പോരുമെന്ന് അറിയില്ല’; ഇടുക്കിയില്‍ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയം ചോര്‍ന്നൊലിക്കുന്നു

 

ഇടുക്കി കരിമണ്ണൂരില്‍ ഭവനരഹിതര്‍ക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയം ചോര്‍ന്നൊലിക്കുന്നു. ഫ്‌ളാറ്റിനുള്ളിലെ പല ഭാഗങ്ങളും അടര്‍ന്ന് വീഴുകയാണ്. ഗുണഭോക്താക്കള്‍ക്ക് ഫ്‌ലാറ്റ് കൈമാറി രണ്ട് വര്‍ഷം തികയുമ്പോഴാണ് ഈ ദുരവസ്ഥ. സര്‍ക്കാര്‍ മോഹന വാഗ്ദാനം നല്‍കി പറ്റിച്ചു എന്നാണ് ഗുണഭോക്താക്കളുടെ പരാതി. എന്നാല്‍ പ്രശ്‌നം അടിയന്തരമായി പരിഹരിക്കും എന്നാണ് കരിമണ്ണൂര്‍ പഞ്ചായത്ത് നല്‍കിയ മറുപടി.

ചുരുങ്ങിയ സമയം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം സാങ്കേതികവിദ്യ. 17 ലക്ഷം രൂപ മതിപ്പു വില. കട്ടയും, സിമന്റും ഇല്ലാതെ വേര്‍തിരിച്ച മുറികള്‍. ഇതൊക്കെയായിരുന്നു ഫ്‌ലാറ്റിന് സര്‍ക്കാര്‍ പറഞ്ഞ മേന്മകള്‍. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷം തികയുമ്പോഴാണ് താമസക്കാരുടെ ഈ ഗതികേട്.

ചെറിയ മഴയില്‍ തന്നെ ഭിത്തി നനഞ്ഞ് കുതിര്‍ന്ന് ഇടിയാന്‍ തുടങ്ങി. സീലിംഗ് ഇളകിവീണു. നാലാം നിലയിലെ മുറിക്കുള്ളില്‍ ചോര്‍ച്ച. 36 കുടുംബങ്ങളാണ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്നത്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഫ്‌ലാറ്റിനു പകരം മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം എന്നാണ് ആവശ്യം. സര്‍ക്കാരിന്റെ ഒരു ഭവന പദ്ധതിയില്‍ ഇടം പിടിച്ചതിനാല്‍ മറ്റൊരു ആനുകൂല്യം ഈ കുടുംബങ്ങള്‍ക്ക് ഇനി കിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *