‘അന്ന് സഞ്ജുവിനോട് ക്ഷമ ചോദിച്ചു…’; മനസ്സ് തുറന്ന് ട്വന്‍റി20 നായകൻ സൂര്യകുമാർ യാദവ് -വിഡിയോ

മുംബൈ: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത് മലയാളി താരം സഞ്ജു സാംസണിന്‍റെ തിരിച്ചുവരവാണെന്ന് തുറന്നുപറഞ്ഞ് നായകൻ സൂര്യകുമാർ യാദവ്. സഞ്ജുവിനെ ഓപ്പണറാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇന്ത്യയുടെ കിരീട വിജയത്തിൽ നിര്‍ണായകമായതെന്നും സൂര്യ പറഞ്ഞു.

വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് സൂര്യയുടെ തുറന്നുപറച്ചിൽ. ‘ആദ്യ മത്സരം തൊട്ടുതന്നെ തന്ത്രങ്ങളുടെ ഭാഗമായി ചെറിയ ചെറിയ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുന്നതോടെയാണ് ടീമിന്‍റെ പ്രകടനത്തിൽ വലിയ മാറ്റം വരുന്നത്. ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടം കൈയൻ ബാറ്റർമാരുണ്ടായിരുന്നു. ഇതോടെ എതിരാളികള്‍ക്ക് ഓഫ് സ്പിന്നര്‍മാരെ ഉപയോഗിച്ചും പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ ഉപയോഗിച്ചും പന്തെറിയാൻ എളുപ്പമായി. മത്സരത്തിൽ എതിരാളികൾക്ക് ലഭിക്കുന്ന ഈ മുൻതൂക്കം ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തുന്നതും സഞ്ജുവിനെ വീണ്ടും ഓപ്പണറായി കളിപ്പിക്കാന്‍ തീരുമാനിക്കുന്നതും. അത് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായി. സഞ്ജുവിന്‍റെ കഠിനാധ്വാനം അധികമാരും കണ്ടിട്ടില്ല. അദ്ദേഹത്തിന്‍റെ ബാറ്റിങ്ങും ടൂർണമെന്‍റിലെ താരമായതുമെല്ലാം അത്ഭുതകരമായിരുന്നു ’-സൂര്യ പറഞ്ഞു.

ലോകകപ്പില്‍ എടുത്ത തന്ത്രപരമായ ഒരു തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു. സഞ്ജു മികച്ച കളിക്കാരനാണല്ലെ എന്ന ചോദ്യത്തിന് മികച്ച കളിക്കാരനെന്നതിലുപരി സഞ്ജു നല്ല മനുഷ്യനാണെന്നായിരുന്നു സൂര്യയുടെ മറുപടി. താനെപ്പോഴും പറയാറുള്ളത് നല്ല മനുഷ്യര്‍ക്ക് എല്ലായ്പ്പ്പോഴും നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നാണ്. ഈ ടൂർണമെന്‍റിൽ കളിച്ചതോടെ സഞ്ജുവിന്‍റെ കാര്യത്തിലും അത് സംഭവിച്ചു.

2025ല്‍ സഞ്ജുവിന്‍റെ കരിയറില്‍ ഒട്ടേറെ കാര്യങ്ങള്‍ സംഭവിച്ചു. അവനെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറ്റി, അവന് ഇഷ്ടമില്ലാത്ത പല പൊസിഷനുകളിലും കളിക്കേണ്ടിവന്നു. പല മത്സരങ്ങളിലും ബെഞ്ചിലായിരുന്നു സ്ഥാനം. അത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന കളിക്കാരന്‍റെ മാനസികാവസ്ഥ തനിക്ക് നന്നായി അറിയാമെന്നും സൂര്യ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വര്‍ഷം ആസ്ട്രേലിയന്‍ പര്യടനത്തിനിടെ ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിലും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താതെ ബെഞ്ചിലിരുത്തിയതിലും സഞ്ജുവിനോട് താൻ ക്ഷമ ചോദിച്ചിരുന്നു. പക്ഷെ എടുത്ത തീരുമാനങ്ങളെല്ലാം ടീമിന്‍റെ നന്‍മയെയും ജയത്തെയും മുന്നില്‍ നിര്‍ത്തി മാത്രമായിരുന്നുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ആദ്യ മത്സരങ്ങളിൽ കാഴ്ചക്കാരനായി ബെഞ്ചിലിരുന്ന സഞ്ജുവാണ്

ടൂര്‍ണമെന്റിനൊടുവില്‍ ഇന്ത്യക്ക് കിരീടവും സമ്മാനിച്ച് ലോകകപ്പിലെ താരമായി മടങ്ങിയത്. ടൂർണമെന്‍റിൽ അഞ്ചു മത്സരം മാത്രം കളിച്ച സഞ്ജു മൂന്നു അർധ സെഞ്ച്വറികളടക്കം 80.25 ശരാശരിയില്‍ 321 റണ്‍സാണ് നേടിയത്. ഫൈനലില്‍ നേടിയ 89 റണ്‍സ് ലോകകപ്പ് ഫൈനലിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറുമായി.

മൂന്നേ മൂന്ന് മല്‍സരങ്ങളിലെ പ്രകടനമാണ് സഞ്ജു സാംസനെ ടൂര്‍ണമെന്റിലെ താരമാക്കിയത്. പാകിസ്താന്‍റെ ഷഹീദ് അഫ്രീദിക്കും സൂപ്പർ താരം വിരാട് കോഹ്ലിക്കുംശേഷം സെമിയിലും ഫൈനലിലും അര്‍ധ സെഞ്ച്വറി നേടുന്ന താരമായി സഞ്ജു. ടൂർണമെന്‍റിൽ ഇന്ത്യക്കായി ഏറ്റവുമധികം സിക്സര്‍ നേടുന്ന താരമെന്ന നേട്ടവും സ്വന്തമാക്കി -24 സിക്സര്‍.