‘എന്റെ ഡ്രൈവിങ്ങിന് അത്ര സൽപേരില്ല; സ്പീഡ് ഇഷ്ടം, ഇപ്പോൾ ഓടിക്കാറില്ല’ മമ്മൂട്ടി

​കൊച്ചി: തന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ലെന്നും വാഹനങ്ങൾ പെരുകിയതിനാൽ ഈ അടുത്ത കാലത്തായിട്ട് വണ്ടി ഓടിക്കാറില്ലെന്നും നടൻ മമ്മൂട്ടി. റോഡ് സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘ജീവ-സുയാത്ര’ മിഷൻ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യാത്ര മിഷന്റെ ബ്രാൻഡ് അംബാസിഡർ ആയി എന്നെ തെരഞ്ഞെടുത്തു എന്ന് പറയുമ്പോൾ ഞാൻ തന്നെ പേടിച്ചുപോയി. വേറൊന്നും കൊണ്ടല്ല, എന്റെ ഡ്രൈവിങ്ങിന് അത്ര സൽപേരില്ല. കാരണം ഞാൻ വളരെ ആവേശത്തോടെ വണ്ടി ഓടിക്കുന്ന ആളാണ്. എനിക്ക് സ്പീഡ് ഇഷ്ടമാണ്. പക്ഷേ സ്പീഡ് ഉണ്ടെങ്കിലും നമുക്ക് ജാഗ്രതയും ഏകാഗ്രതയും ശ്രദ്ധയും വേണം.

ഈ പവർ നമ്മൾ ഹോൾഡ് ചെയ്യുമ്പോൾ ഇതിനൊരു റെസ്പോൺസിബിലിറ്റി ഉണ്ട് എന്ന് വിചാരിച്ചാൽ വലിയ അപകടങ്ങൾ ഇല്ലാതെ പോകാം. അങ്ങനെയാണ് ഞാൻ വണ്ടി ഓടിക്കുന്നത്. പക്ഷേ ഈ അടുത്ത കാലത്തായിട്ട് ഞാൻ വണ്ടി ഓടിക്കാറില്ല. കാരണം ഒരുപാട് വാഹനങ്ങളായി, ഒരുപാട് തിരക്കുകളുള്ള വീഥികളായി. നമ്മൾ റോഡ് എത്ര നന്നാക്കിയാലും വാഹനങ്ങൾ കൂടുംതോറും തിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. സ്വാഭാവികമായിട്ടും അപകടങ്ങളും കൂടും.

അപകടങ്ങൾ ഉണ്ടാകുന്നത് 99 ശതമാനവും മനുഷ്യരുടെ പിഴവ് കൊണ്ടാണ്. യന്ത്രങ്ങളുടെ പിഴവ് ഒരു ശതമാനമേ ഉള്ളൂ. നമ്മൾ അശ്രദ്ധമായി വണ്ടി ഓടിക്കുന്നത് കൊണ്ടോ നമ്മൾ അശ്രദ്ധമായി റോഡിലൂ​ടെ നടക്കുന്നത് കൊണ്ടോ തന്നെയായിരിക്കും അപകടങ്ങൾ ഉണ്ടാകുന്നത്. കാറിന്റെ കാറ്റഴിഞ്ഞു പോകുന്നതോ അല്ലെങ്കിൽ എൻജിൻ തകരാർ വരുന്നതോ ഒക്കെ ഒരു ശതമാനമേ ഉള്ളൂ.

നമ്മുടെ സുരക്ഷ മറ്റുള്ളവരുടെ കയ്യിലാണ് എന്ന് വിചാരിച്ച് നമ്മൾ റോഡിലൂ​ടെ നടക്കരുത്. പലരും വീട്ടിലെ കോറിഡോറിലോ ഡൈനിങ് റൂമിലോ നടക്കുന്ന പോലെയൊക്കെയാണ് റോഡിലൂ​ടെ നടക്കുന്നത്. ഫോൺ ഉപയോഗിച്ച് റോഡിലൂ​ടെ നടക്കാത്ത ആരെയെങ്കിലും നിങ്ങൾ ഇപ്പോൾ അടുത്ത കാലത്ത് കാണുന്നുണ്ടോ? വീട്ടിലിരുന്ന് വിളിക്കാൻ പറ്റാത്തതുകൊണ്ട് റോഡിൽ ഇറങ്ങി വിളിക്കുന്നത് പോലെയാണ് നമുക്ക് തോന്നുന്നത്. എപ്പോഴും ഫോൺ കാതിൽ ഉണ്ടാകും. ഈ ഫോണിൽ ആയിരിക്കും ശ്രദ്ധ. വണ്ടി വരുന്നുണ്ടോ, നമ്മുടെ നേരെ ആൾക്കാർ വരുന്നുണ്ടോ എന്നൊന്നും ആളുകൾ നോക്കുന്നില്ല.

നമ്മുടെ സുരക്ഷ മറ്റുള്ളവരുടെ കയ്യിലാണെന്ന് വിചാരിക്കരുത്. നമ്മുടെ സുരക്ഷ നമ്മൾ കൂടെ നോക്കണം. അതുപോലെ വാഹനങ്ങൾ ഓടിക്കുന്ന ആളുകളും ശ്രദ്ധിക്കേണ്ടതാണ്. കാരണം നമ്മൾക്ക് എവിടെയെങ്കിലും എത്തിച്ചേരാൻ ഉണ്ടാകും, നമ്മുടെ കൂടെയുള്ള ബസ്സിലുള്ള ആളുകളെ എത്തിക്കാൻ ഉണ്ടാകും, ഇതൊക്കെ ഉണ്ട്. മത്സരയോട്ടത്തിലാണ് പലപ്പോഴും അപകടങ്ങൾ കൂടുന്നത്. അതും ശ്രദ്ധിക്കേണ്ടതാണ്. നമ്മളെ പോലെ തന്നെയാണ് റോഡിലൂടെ പോകുന്ന ആളുകളുടെ മനസ്സും അവരുടെ കുടുംബവും എന്ന് ആലോചിച്ചാൽ തീരാവുന്ന കാര്യങ്ങളെ ഉള്ളൂ.

എന്നോട് ആരോ പറഞ്ഞു, ഈ ബസ്സിന്റെ സമയം കൊടുക്കുന്നതുകൊണ്ടാണ് കുഴപ്പം. അതും കുറച്ചുകൂടെ വേണമെങ്കിൽ ശ്രദ്ധിക്കാം. തുടരെ തുടരെ മൂന്ന് മിനിറ്റ് മൂന്ന് മിനിറ്റ് വെച്ച് ബസുകൾ വരുമ്പോൾ സ്വാഭാവികമായിട്ടും അവർ കുറച്ചുകൂടെ വേഗത്തിൽ പോകും. മറ്റുള്ള ബസ്സുകാര് അതിന്റെ പുറകെ മത്സര ഓട്ടം നടക്കാൻ സാധ്യതയുണ്ട്. അതൊക്കെ വേണമെങ്കിൽ കൺട്രോൾ ചെയ്യാം. അല്ലെങ്കിൽ റൂട്ടുകൾ മാറ്റി കൊടുക്കാം. കുറച്ചുകൂടെ ശ്രദ്ധ ചെലുത്തിയാൽ അതിനു പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്. ഇതൊന്നും ആധികാരികമായി പറയാൻ ഞാൻ ഒരു വിദഗ്ധനൊന്നുമല്ല. എന്നാലും ഞാൻ ഒരു സാധാരണ ആൾ എന്ന നിലയിൽ പറയുകയാണ്.

പിന്നെ എനിക്ക് കുട്ടികളോട് പറയാനുള്ളത് ഈ മോട്ടോർസൈക്കിൾ അഭ്യാസവും കാറിന്റെ സ്പീഡിനും ഒക്കെ അതിനായുള്ള സ്ഥലങ്ങൾ ഉണ്ട്. നമുക്ക് അതിനൊക്കെ റേസ് ട്രാക്കുകൾ ഉണ്ട്. നിങ്ങൾ അവിടെ പോയിട്ടാണ് ഇത് പഠിക്കേണ്ടത്. നമ്മൾ റോഡിൽ കൂടെ അല്ലല്ലോ ഓട്ടമത്സരം നടത്തേണ്ടത്. അതിന് പ്രത്യേകമായി ട്രാക്കുകൾ ഉണ്ട്. അവിടെ പോയി നമ്മൾ ഓടുന്നു, മത്സരിക്കുന്നു, ജയിക്കുന്നു, അഭ്യാസപ്രകടനങ്ങൾ നടത്തുന്നു. റോഡിലല്ല അഭ്യാസപ്രകടനം നടത്തേണ്ടത്. റോഡിൽ അഭ്യാസപ്രകടനം നടത്തിയാൽ നിങ്ങൾക്ക് മാത്രമല്ല മറ്റുള്ളവർക്കും ഉപദ്രവകരമാകും. അതുകൊണ്ട് വണ്ടിയുടെ സ്പീഡും കാര്യങ്ങളും ഒക്കെ റോഡിലല്ല പരീക്ഷിക്കേണ്ടത്.

നമ്മൾ പുതിയ വണ്ടികൾ അവതരിപ്പിക്കുമ്പോൾ റോഡ് സ്പീഡും ഒക്കെ നമ്മൾ കാണുമ്പോൾ നമുക്ക് ഓടിക്കാൻ തോന്നും. സ്പീഡ് ടെസ്റ്റിനൊക്കെ വേറെ റോഡുകളാണ്. നമുക്ക് യാത്ര ചെയ്യാനുള്ളതാണ് റോഡ്, റേസിനുള്ളതല്ല. മോട്ടോർസൈക്കിൾക്കാരായാലും ശരി കാറുകാരായാലും ശരി. ഒരാൾ നമ്മളെ ഓവർടേക്ക് ചെയ്താൽ നമുക്ക് സഹിക്കില്ല. കാർ യാത്രക്കിടെ നമ്മുടെ മുമ്പിൽ ഒരുത്തൻ പോയാൽ ഞാൻ നിന്റെ മുമ്പിലാണെന്ന് പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ മത്സരിക്കും. എന്തിനാണെന്ന് ആർക്കും മനസ്സിലായിട്ടില്ല. എത്തിച്ചേരാനുള്ള സ്ഥലത്ത് എത്തുമ്പോൾ ഒരു മിനിറ്റോ ഒന്നര മിനിറ്റോ വൈകുമായിരിക്കും. എന്നാൽ, നമ്മുടെ ജീവിതത്തിൽ അങ്ങോട്ടുള്ള കാലമേ കട്ട് ചെയ്തു പോകുന്ന അവസ്ഥയിൽ പോകരുത്. നമ്മുടെ എന്ന് മാത്രമല്ല മറ്റുള്ള ആൾക്കാരുടെയും.

വഴിയാത്രക്കാരും ശ്രദ്ധിക്കുക. പെഡസ്ട്രിയൻ ക്രോസിൽ കൂടെ മാക്സിമം റോഡ് മുറിച്ചുകടക്കുക. റോഡിൽ കൂടെ നടന്നുപോകുമ്പോൾ പലപ്പോഴും നമ്മളങ്ങ് ക്രോസ് ചെയ്യും. അപ്പുറത്തും ഇപ്പുറത്തും വണ്ടി വരുന്നത് പോലും മറന്നുപോകുന്ന ആളുകളുണ്ട്.

പിന്നെ വേറൊരു കാര്യം, അത് എങ്ങനെ ആളുകൾ എടുക്കുമോ എങ്ങനെ നിങ്ങൾക്ക് സ്വീകാര്യമാകുമോ എന്ന് എനിക്കറിയില്ല. ഇവിടെ നമുക്കൊക്കെ ഫുട്പാത്ത് ഉണ്ട്. ഫുട്പാത്തിൽ കൂടെ നമ്മൾ ആരെങ്കിലും നടക്കാറുണ്ടോ? ഫുട്പാത്തിൽ നമുക്ക് നടക്കാൻ പറ്റുമോ? ഇല്ല. ഫുട്പാത്തൊക്കെ വേറെ കാര്യങ്ങൾക്കാണ് ഉപയോഗപ്പെടുത്തുന്നത്. കാരണം ഫുട്പാത്തിൽ കൂടെ നമ്മൾ നടക്കാത്തതുകൊണ്ടാണ് ഒരു പരിധി വരെ ആളുകൾ വേറെ കാര്യത്തിന് ഉപയോഗിക്കുന്നത്. ഫുട്പാത്തിൽ കാൽനടക്കാർക്കുള്ള സ്ഥലമുണ്ട്. അതിലൂടെ കൂടെ തന്നെ നടക്കണം. ഫുട്പാത്തിൽ കയറി ഇടിച്ചാൽ അത് നമുക്ക് പറയാൻ ഒക്കില്ല. എന്നാലും നമ്മളായിട്ട് ഒരു അപകടം ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുക.

അപകടങ്ങൾ അനിവാര്യമാണ് എന്ന് നമുക്ക് പറയാൻ പറ്റില്ല. അപകടം എന്ന് പറഞ്ഞാൽ ആക്സിഡന്റ് ആണ്, പ്രതീക്ഷിക്കാതെ ഉണ്ടാകുന്നതാണ്. എല്ലാ വണ്ടിക്കും ഒരേ ബ്രേക്ക് അല്ല. എല്ലാ മനുഷ്യനും ഒരേ ശക്തിയല്ല. വണ്ടിയുടെ ബ്രേക്കും വ്യത്യാസമാണ്, മനുഷ്യന്റെ റോഡ് ക്രോസ് ചെയ്യാനുള്ള ശക്തിക്കും സ്പീഡിനും ഒക്കെ വ്യത്യാസമുണ്ട്. മുൻപോട്ട് നോക്കിയും ഓടിക്കുക. ഫോണിൽ സംസാരിച്ചും നോക്കിയും ഓടിക്കാതിരിക്കുക.

അശ്രദ്ധയ്ക്ക് ഒരു കണക്കുമില്ല. റാഷ് ആൻഡ് നെഗ്ലിജന്റ് ഡ്രൈവിങ് എന്ന് പറയുന്ന ഒരു സെക്ഷൻ തന്നെ ഉണ്ടാക്കിയിരിക്കുന്നത് നമ്മൾ അശ്രദ്ധമായി വേഗതയിൽ ഓടിക്കുന്നതിലാണ്. അതു മരണകാരണമാകാം. നമ്മൾ അറിഞ്ഞോ അറിയാതെയോ ഒരു അപകടം ഉണ്ടാകാം. അതൊക്കെ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. ഇനി ഒരുപാട് കാലം ഈ ഭൂമിയും ഇനി വരാനുള്ള തലമുറകളും ഒക്കെ ഉള്ളതാണ്. അവർക്ക് വേണ്ടിയും നമ്മൾ ജീവിക്കണം.

മറ്റുള്ളവരുടെ ജീവൻ നമ്മുടെ കയ്യിലാണ് എന്ന് ഓർമ്മ വേണം. നമ്മുടെ ജീവൻ നമ്മുടെ കയ്യിലാണെന്ന് പറയുന്നതുപോലെ എല്ലാവർക്കും അപകടരഹിതമായ ഒരു വരുംകാലം ആശംസിക്കുന്നു. എല്ലാവരും ശ്രദ്ധയോടെ വണ്ടി ഓടിക്കുക. എല്ലാവരും ശ്രദ്ധയോടെ റോഡിലൂടെ നടക്കുക. ഇനി മുഖ്യമന്ത്രി പറഞ്ഞതുപോലെ അപകടങ്ങൾ കുറഞ്ഞ, അല്ലെങ്കിൽ തീരെ അപകടങ്ങൾ ഉണ്ടാകാത്ത ഒരു സംസ്ഥാനമായി കേരളം മാറട്ടെ എന്ന് ആഗ്രഹിക്കുന്നു.

എന്നെ ഏൽപ്പിച്ച ഇത് ഒരു വലിയ ഭാരമാണ്. പക്ഷേ ആദ്യം ഞാൻ നന്നാകണമല്ലോ. ഞാൻ ഏതായാലും നന്നാകാൻ തീരുമാനിച്ചു. ഞാൻ വണ്ടി ഓടിക്കാറില്ല, അതുകൊണ്ട് ഇപ്പോൾ വലിയ പേടിക്കേണ്ട കാര്യമില്ല. വേഗത ഒന്നിനും ഒരു കാരണമല്ല, വേഗതയേക്കാൾ കൂടുതൽ കൃത്യതയാണ്. നമ്മൾ പത്തര മണിക്ക് ഒരു സ്ഥലത്ത് എത്താമെന്ന് വിചാരിച്ചിട്ട് 10.15ന് ഇറങ്ങിയാൽ പറ്റത്തില്ല. പത്തരക്ക് എത്തുന്നതിന് ഒൻപതേമുക്കാലിന് ഇറങ്ങിയാൽ കുറച്ചുകൂടെ എളുപ്പത്തിലും സമാധാനമായിട്ടും പോകാം. നമ്മൾ കൃത്യത പാലിക്കാൻ വേണ്ടി നേരത്തെ ഇറങ്ങണം.

സമയം തെറ്റിക്കുന്നത് നമ്മളാണെങ്കിൽ നമ്മൾ എത്താൻ അനാവശ്യമായി ധൃതി കാട്ടും, വേഗത കൂടും, അശ്രദ്ധ ഉണ്ടാകും, ടെൻഷൻ ഉണ്ടാകും. അങ്ങനെ പോകാതെ, രാവിലെ ഭാര്യയുമായിട്ടൊന്നും വഴക്കുണ്ടാക്കാതെ സമാധാനമായിട്ട് സന്തോഷമായിട്ട് ഓഫീസിൽ പോയി വരിക. ആർക്കും ഒരു അപകടവും ഉണ്ടാവില്ല. ഞാൻ ഈ വീഡിയോയിൽ കണ്ട എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വാക്ക് ‘പോയവരൊക്കെ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ വീട്ടിലുണ്ട്. അവർക്ക് വേണ്ടിയെങ്കിലും വണ്ടി ഓടിക്കുന്നവരും വെളിയിൽ കാൽനടയായി നടക്കുന്നവരും എല്ലാവരും ശ്രദ്ധിക്കുക’ എന്നതാണ്.

കുട്ടികളെ കുറച്ചുകൂടെ സിവിക് സെൻസ് പഠിപ്പിച്ചാൽ കൊള്ളാമെന്ന അഭിപ്രായമുണ്ട്. റോഡ് മുറിച്ചുകടക്കാനും റോഡ് നിയമങ്ങളും കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിച്ചുവെച്ചാൽ അവർ പഠിക്കും. ഇപ്പോഴത്തെ കുട്ടികൾ നമ്മളെ ഇങ്ങോട്ട് പഠിപ്പിക്കും പല കാര്യങ്ങളും. അതുകൊണ്ട് അവരെ പഠിപ്പിച്ചു വെച്ചാൽ അവർ അത് അനുസരിച്ച് ജീവിച്ചോളും. ഒരു നല്ല ഭാവിയുള്ള പുതിയ തലമുറയും ഭാവിയുള്ള രാജ്യവുമായി മാറട്ടെ എന്ന് കൂടെ ആശംസിച്ചുക്കുന്നു’ -മമ്മൂട്ടി പറഞ്ഞു.