‘തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലെന്നാണ് കരുതിയത്’ ; മെഡിക്കല്‍ കോളജ് സൂപ്രണ്ട്
തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍. അകത്ത് ആരുമില്ലെന്ന് അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലെന്നാണ് കരുതിയതെന്നും ഡോ. ടി കെ ജയകുമാര്‍ പറഞ്ഞു. പകരം സംവിധാനം ഒരുക്കാതെ കെട്ടിടം അടച്ചിടാന്‍ സാധിയ്ക്കില്ലായിരുന്നുവെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് വ്യക്തമാക്കി.
തിരച്ചില്‍ വൈകിയതുമായി ബന്ധപ്പെട്ട പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. വാസവന്‍ സാറുമായി ഞാനാണ് അവിടെ ആദ്യം എത്തുന്നത്. അവിടെ കൂടി നിന്നവരോട് അന്വേഷിച്ചതിന് ശേഷം ആരും അടിയില്‍ പെട്ടിട്ടില്ലെന്നാണ് വിവരം ലഭിച്ചത് – അദ്ദേഹം പറഞ്ഞു.
2013ല്‍ തന്നെ കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞു വീഴുന്നുവെന്ന പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് പിഡബ്ല്യുഡി അതിനെ കുറിച്ച് പല പഠനവും നടത്തുകയുണ്ടായി. 2016ലാണ് ഞാന്‍ സൂപ്രണ്ടായി ജോയിന്‍ ചെയ്യുന്നത്. ആ സമയത്ത് അന്നത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് പിഡബ്ല്യുഡിയോട് ഇത് വിശദമായി പഠിക്കാന്‍ ആവശ്യപ്പെടുകയും അവര്‍ ഇത് പഠിച്ചതിന് ശേഷം രണ്ടാമത് ഉപയോഗ്യമാക്കണോ ഇടിച്ചുകളയേണ്ടതാണോ എന്നതുമായി ബന്ധപ്പെട്ട് വിശദമായ പഠനം ആവശ്യമാണെന്നു പറഞ്ഞു. അതനുസരിച്ച് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി രണ്ട് വിഭാഗക്കാരുടെ പഠനം നടത്തിയതിന് ശേഷവും കൃത്യമായ നിര്‍ദേശം കിട്ടിയില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ ഇതിനു വേണ്ടി പ്രത്യേകമുള്ള ഒരു സ്ട്രക്ചറല്‍ ലാബിനെ ഏല്‍പ്പിച്ച് അവര്‍ വിശദമായ പഠനം നടത്തുകയും 2024 അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ആ റിപ്പോര്‍ട്ട് അനുസരിച്ച് ആ ബ്ലോക്ക് മുഴുവന്‍ പൊളിച്ചു കളയുകയാണ് അഭികാമ്യം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. അടുത്ത ജൂലൈ 30 മാറ്റാനുള്ള നീക്കം നടത്തുകയായിരുന്നു. ആ കെട്ടിടത്തിനാകെ പ്രശ്‌നമുണ്ടെന്ന് കാലങ്ങളായിട്ട് അറിയുന്നതാണ്. പൂര്‍ണമായി അടച്ചിട്ട് എല്ലാ സേവനങ്ങളും നിര്‍ത്താതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു- അദ്ദേഹം വിശദീകരിച്ചു. പകരം സംവിധാനമില്ലാതെ കെട്ടിടം പൂര്‍ണമായും അടച്ചിടുക സാധ്യമല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.