‘ഐവിനെ മര്‍ദിച്ചു; നാട്ടുകാര്‍ എത്തുമെന്ന് കരുതി രക്ഷപെടാന്‍ ശ്രമിച്ചു’; CISF ഉദ്യോഗസ്ഥന്‍ മോഹന്റെ മൊഴി
നെടുമ്പാശേരിയില്‍ ഐവിന്‍ ജിജോയെന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മോഹന്റെ മോഴി പുറത്ത്.
ഐവിനെ മര്‍ദിച്ചുവെന്നും നാട്ടുകാര്‍ എത്തുമെന്ന് കരുതി രക്ഷപെടാന്‍ ശ്രമിച്ചുവെന്നുമാണ് മൊഴി. ഐവിന്‍ കാറിന് മുന്നില്‍ നിന്നും വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചു. ഇതാണ് പ്രകോപന കാരണം. പിന്നാലെയാണ് വാഹനം മുന്നോട്ട് എടുത്തത്. ആദ്യം വാഹനം എടുത്തത് താന്‍. ഇതിന് ശേഷമാണ് വിനയ്കുമാര്‍ ഡ്രൈവിംഗ് സീറ്റില്‍ കയറിയത് – മോഹന്‍ മൊഴി നല്‍കി.

സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് വീട്ടില്‍ എത്തി പതിവ് പോലെ ജോലിക്ക് പോകാന്‍ ശ്രമിച്ചുവെന്നും മോഹന്‍ പറയുന്നു. ഓഫീസില്‍ ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും പ്രതി പറയുന്നു. മോഹനെ ഇന്ന് കോടതിയില്‍ ഹാജരാകും.
ഐവിന്‍ ജിജോയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചയ്ക്ക് രണ്ടരക്ക് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയിലാണ് സംസ്‌കാരം. കേസിലെ രണ്ടാം പ്രതിയായ മോഹനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒന്നാംപ്രതി വിനയ് കുമാര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കേസന്വേഷണം ശരിയായ ദിശയില്‍ അല്ലെങ്കില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് തുറവൂര്‍ പഞ്ചായത്ത് മെമ്പര്‍ എംപി മാര്‍ട്ടിന്‍ പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് കാറ് തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനെ തുടര്‍ന്ന് ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാര്‍ ഇടിച്ച് കൊലപ്പെടുത്തിയത്.