‘മാർഗനിർദേശം ലംഘിച്ചാൽ ആന എഴുന്നള്ളിപ്പിനുള്ള അനുമതി പിൻവലിക്കും’; മുന്നറിയിപ്പുമായി ഹൈക്കോടതി
കൊച്ചി: ആന എഴുന്നള്ളിപ്പിൽ മാർഗനിർദേശം ഇനിയും ലംഘിച്ചാൽ എഴുന്നള്ളിപ്പിനുള്ള അനുമതി പിൻവലിക്കുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ നിയമലംഘനത്തിന് കാരണമെന്താണെന്ന് കോടതി ചോദിച്ചു. സ്ഥലപരിമിതിയുണ്ടെങ്കിൽ ആനകളുടെ എണ്ണം കുറയ്ക്കുകയാണ് വേണ്ടത്. ഇത് ആളുകളുടെ സുരക്ഷാ പ്രശ്‌നമാണെന്ന് എന്തുകൊണ്ടാണ് മനസ്സിലാക്കാത്തതെന്ന് കോടതി ചോദിച്ചു.
മതത്തിന്റെ പേരിൽ എന്തും ചെയ്യാനാവില്ല. ദേവസ്വം ഭാരവാഹികൾ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും കോടതി ഓർമിപ്പിച്ചു. പൂർണത്രയീശ ക്ഷേത്ര ദേവസ്വം ഓഫീസറോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.
ഹരജി പരിഗണിക്കുന്നതിനിടെ ജില്ലാ കലക്ടർ ഓൺലൈനായി കോടതിയിൽ ഹാജരായി. ഹൈക്കോടതി നിർദേശങ്ങൾ കർശനമായി പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കലക്ടർക്ക് കോടതി നിർദേശം നൽകി. ദേവസ്വം ഓഫീസർ നിർദേശങ്ങൾ അനുസരിക്കുന്നില്ല. നിർദേശങ്ങൾ നൽകിയിട്ടും ലംഘിക്കുകയാണെങ്കിൽ കർശന നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 65 വയസ്സിലേറെ പ്രായമുള്ള കോട്ടൂർ ഗണേശൻ എന്ന ആനയെ എഴുന്നള്ളിച്ചോ എന്നത് സംബന്ധിച്ച് അടുത്ത ആഴ്ച വിശദീകരണം നൽകണമെന്നും കോടതി ജില്ലാ കലക്ടറോട് നിർദേശിച്ചു.