മണിപ്പൂരിൽ രാഹുലിന്റെ ജോഡോ ന്യായ് യാത്രക്ക് അനുമതി നിഷേധിച്ചു
ഇംഫാൽ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച് മണിപ്പൂരിലെ ബി.ജെ.പി സർക്കാർ. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പാലസ് ഗ്രൗണ്ടിൽ പരിപാടിക്ക് അനുമതി നിഷേധിച്ചത്. നിലവിലെ ചില പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്നുംമുഖ്യമന്ത്രിയുടെ പരിപാടിയും പാലസ് ഗ്രൗണ്ടിൽനടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, പാലസ് ഗ്രൗണ്ടിൽ അനുമതി ലഭിക്കാത്തതിനാൽ മറ്റൊരിടത്ത് പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് നടത്താനാണ് കോൺഗ്രസ് നീക്കം. ജനുവരി 14മുതൽ മാർച്ച് 20 വരെയാണ് രാഹുലിന്റെ യാത്ര. 15ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് യാത്രയുടെ ഭാഗമായി രാഹുൽ പര്യടനം നടത്തുക. സംഘർഷ ബാധിത മേഖലയായ മണിപ്പൂരിൽ നിന്ന് തുടങ്ങി 85 ജില്ലകളിൽ പര്യടനം നടത്തിയതിന് ശേഷം യാത്ര മഹാരാഷ്ട്രയിൽ സമാപിക്കും. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗ് ആണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുക.
ബുധനാഴ്ച രാവിലെയാണ് മുഖ്യമന്ത്രി എൻ ബിരേൻസിങ് പരിപാടി നടത്താനാവില്ലെന്ന് അറിയിച്ചതെന്ന് മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. മേഘചന്ദ്ര അറിയിച്ചു. സർക്കാരിന്റെ തീരുമാനം നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പാലസ് ഗ്രൗണ്ടിൽ യാത്ര ഉദ്ഘാടന ചടങ്ങ് നടത്തുന്നത് പരിഗണനയിലാണെന്നാണ് ചൊവ്വാഴ്ച ബിരേൻ സിങ് പറഞ്ഞത്. സാമുദായിക കലാപത്തിന്റെ മുറിവുണങ്ങാത്ത ജനങ്ങൾക്ക് നീതി തേടി അവിടെ നിന്നുതന്നെ യാത്ര തുടങ്ങണമെന്നത് രാഹുലിന്റെ തീരുമാനമായിരുന്നു. സംസ്ഥാനത്ത് കുക്കികളും മെയ്ത്തികളും തമ്മിലുണ്ടായ കലാപത്തിൽ 200 പേർ കൊല്ലപ്പെടുകയും 60,000പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ മേയ് മുതലാണ് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.