ഖത്തറിൽ ഏഴ് ഇന്ത്യക്കാരടക്കം 14 പേർക്ക് തടവും 72.9 കോടി ഖത്തർ റിയാൽ പിഴയും
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിലെ മെഡിക്കൽ ഉപകരണ കരാർ അഴിമതി കേസിൽ ഏഴ് ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർക്ക് തടവും പിഴയും. ഹമദ് ആശുപത്രിയിലെ നാല് ജീവനക്കാർക്കും, കരാർ കമ്പനി ഉടമസ്ഥരും ജീവനക്കാരും ഉൾപ്പെടെ 10 പേർക്കുമാണ് വിചാരണ നടപടികൾക്കൊടുവിൽ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്.
ഹമദിലെ ഒരു ഉദ്യോഗസ്ഥാനും, കരാർ കമ്പനിയിലെ ആറ് ജീവനക്കാരും ഇന്ത്യക്കാരാണ്. നാല് വർഷം മുതൽ 14 വർഷം വരെ തടവാണ് ശിക്ഷ വിധിച്ചത്. മൊത്തം 72.9 കോടി ഖത്തർ റിയാൽ പിഴ ചുമത്തി. കുറ്റാരോപിതരായ രണ്ടു പേരെ കോടി വെറുതെ വിട്ടയച്ചു.
സർക്കാർ ടെൻഡറുകളിൽ അഴിമതി, പൊതുപണത്തിന്റെ ദുരുപയോഗം, വിശ്വാസ വഞ്ചന, ഓഫിസ് ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഹമദ് ആശുപത്രി ഉദ്യോഗസ്ഥാനായ ഇന്ത്യക്കാരൻ കേസിൽ നാലാം പ്രതിയാണ്. ഇയാൾക്ക് 14 വർഷം തടവും 31.3 കോടി റിയാൽ പിഴയുമാണ് ചുമത്തിയത്.
ഒന്നാം പത്രിയായ ഖത്തരി പൗരന് 15 വർഷം തടവും 72.9 കോടി റിയാൽ പിഴയും, രണ്ടാം പ്രതിയായ ജോർഡൻ പൗരന് 11 വർഷം തടവും 17.1 കോടി റിയാൽ പിഴയും, മൂന്നാം പ്രതിയായ ഫലസ്തീൻ പൗരന് 10 വർഷം തടവും 14.4 കോടി റിയാൽ പിഴയും ചുമത്തി.
മെഡിക്കൽ ഉപകരണങ്ങൾ നൽകാൻ കരാർ എടുത്ത കമ്പനിയുടെ രണ്ട് ഖത്തരി ഉടമസ്ഥർക്ക് അഞ്ചും, എട്ടും വർഷം തടവു വിധിച്ചു. ഒരാൾക്ക് 22.8 കോടി റിയാൽ പിഴയും, 2.5 കോടി റിയാലും പിഴ ചുമത്തി.
ഈ കമ്പനിയിലെ ജീവനക്കാരാണ് എട്ടുപേർ. ഇതിൽ ആറു പേരും ഇന്ത്യക്കാരും രണ്ടു പേർ ജോർഡൻകരുമാണ്. രണ്ടു പേർക്ക് 14 വർഷവും, രണ്ടു പേർക്ക് എട്ടും, ശേഷിച്ച നാലു പേർക്ക് 10, ആറ്, അഞ്ച്, നാല് വർഷം തടവും വിധിച്ചു. 50 ലക്ഷം റിയാൽമുതൽ 19.5 കോടി റിയാൽ വരെയായി ഇവർക്ക് പിഴയും ചുമത്തി.
ശിക്ഷാകാലാവധി പൂർത്തിയാക്കിയാൽ വിദേശികളെ നാടുകടത്താനും ഉത്തരവിട്ടു. ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാർ ഏത് സംസ്ഥാനക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം ജുലായ് മാസത്തിൽ ഇവർക്കെതിരെ ക്രിമിനൽ കോടതി വിചാരണ ആരംഭിച്ചിരുന്നു.
ഹമദ് മെഡിക്കൽ കോർപറേഷന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് തങ്ങളുടെ പദവി ദുരുപയോഗം ചെയ്യുകയും, മറ്റു പ്രതികളുടെ ഉടമസ്ഥയിലുള്ള സ്ഥാപനങ്ങൾക്ക് ഇവയുടെ കരാർ നൽകുകയും ചെയ്തുവെന്നാണ് പ്രതികൾക്കെതിരായ കുറ്റങ്ങൾ.