വ്യാജ രേഖ കേസിൽ കെ. വിദ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
പാലക്കാട്: അട്ടപ്പാടി സർക്കാർ കോളജിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി നേടാൻ മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസിൽ കെ. വിദ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണ്ണാർക്കാട് കോടതിയാണ് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ഒളിവിൽ കഴിയുകയായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യയെ ഇന്ന് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയിരുന്നു. വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി ഈ മാസം 24ന് പരിഗണിക്കും.
ജൂൺ ആറിനാണ് വ്യാജ രേഖ കേസിൽ അഗളി പൊലീസ് വിദ്യക്കെതിരെ കേസെടുത്തത്. തുടർന്ന് ഇവർ ഒളവിലായിരുന്നു. അതിനിടെ ഗൂഢാലോചനക്ക് പിന്നിൽ അട്ടപ്പാടി കോളജ് പ്രിൻസിപ്പലാണെന്ന് വിദ്യ ആരോപിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെ കരുവാക്കുകയായിരുന്നുവെന്നാണ് വിദ്യയുടെ മൊഴി. വ്യാജ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും മനപൂർവം കേസിൽ കുടുക്കുകയായിരുന്നുവെന്നും വിദ്യ പറയുന്നു.