ഫിഫ സൗഹൃദ മത്സരം; ഇന്ത്യ Vs ന്യൂസിലൻഡ് ഇന്ന്

ഓക്ലൻഡ്: ഇന്ത്യ-ന്യൂസിലൻഡ് അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരങ്ങളിലെ ആദ്യ കളി ഓക്ലൻഡ് ഗോ മീഡിയ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടക്കും. ഇരു രാജ്യങ്ങളും തമ്മിലെ കായിക ബന്ധത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഫിഫ വിൻഡോയിൽ രണ്ട് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
അടുത്ത കളി നവംബർ 15ന് ക്രൈസ്റ്റ്ചർച്ചിലെ വൺ ന്യൂസിലൻഡ് സ്റ്റേഡിയത്തിൽ അരങ്ങേറും. ഇന്ത്യൻ ദേശീയ പുരുഷ ഫുട്ബാൾ ടീം ചരിത്രത്തിലാദ്യമായാണ് ന്യൂസിലൻഡിൽ പര്യടനം നടത്തുന്നത്. 138ാം സ്ഥാനത്തുള്ള ഇന്ത്യയും 88ാം സ്ഥാനക്കാരായ ന്യൂസിലൻഡും തമ്മിലെ അങ്കം നീലക്കടുവകൾക്ക് വലിയൊരു പരീക്ഷണമായിരിക്കും. ഇക്കഴിഞ്ഞ ലോകകപ്പ് കളിച്ച ടീമാണ് ന്യൂസിലൻഡ്. ബ്രസീലിനും ഉറുഗ്വായിക്കുമെതിരായ പോരാട്ടങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഇറങ്ങുന്നത്.
മുഖ്യ പരിശീലകൻ ഖാലിദ് ജമീൽ പ്രഖ്യാപിച്ച 23 അംഗ സന്ദർശക ടീമിൽ വലിയ മാറ്റങ്ങളുണ്ട്. പരിചയസമ്പന്നനായ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെ ഒഴിവാക്കിയപ്പോൾ, സാഫ് ചാമ്പ്യൻഷിപ് ടീമിലുണ്ടായിരുന്ന ലിസ്റ്റൺ കൊളാസോ, മലയാളി താരങ്ങളായ ബിജോയ് വർഗീസ്, മുഹമ്മദ് സുഹൈൽ എന്നിവർ ടീമിൽ ഇടംനേടി. റയാൻ വില്യംസ്, മൻവീർ സിങ്, എഡ്മണ്ട് ലാൽറിൻഡിക എന്നിവരാണ് മുന്നേറ്റനിരയെ നയിക്കുന്നത്. മധ്യനിരയിൽ മലയാളി സാന്നിധ്യമായി ആഷിഖ് കുരുണിയനും എം.എസ്. ജിതിനുമുണ്ട്.
ഡാരൻ ബേസ്ലിയുടെ ശിക്ഷണത്തിൽ ആതിഥേയരുടെ 22 അംഗ ടീമിനെ പ്രീമിയർ ലീഗ് സ്ട്രൈക്കറും രാജ്യത്തെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനുമായ ക്രിസ് വുഡ് നയിക്കുന്നു. പോർചുഗീസ് ക്ലബ് ഫാരെൻസെയ്ക്കൊപ്പം തുടരുന്നതിനാൽ ഇന്ത്യൻ വംശജനായ മധ്യനിര താരം സർപ്രീത് സിങ് കളിക്കുന്നില്ല.
