കോഹ്‌ലിയുടെ റെക്കോഡ് തകർത്ത് വൈഭവ് സൂര്യവംശി; അണ്ടർ-19 ലോകകപ്പിലും ‘നോ ഹാൻഡ്ഷേക്ക്’, ഇത്തവണ എതിരാളി ബംഗ്ലാദേശ്

ബുലവായോ: കഴിഞ്ഞ വർഷം ഏഷ്യകപ്പിൽ ഇന്ത്യൻ താരങ്ങൾ പാകിസ്താൻ താരങ്ങളുമായി ഹസ്തദാനം നടത്താതെ കളിക്കളത്തിൽ പ്രതിഷേധിച്ചത് കായിക ലോകത്ത് വലിയ വിവാദമായിരുന്നു. പാകിസ്താനുമായുള്ള നയതന്ത്രബന്ധം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു അത്. സമാന രീതിയിൽ ബംഗ്ലാദേശുമായുള്ള ബന്ധം മോശമായതോടെ അണ്ടർ-19 ലോകകപ്പിലും ഇതേ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യ. ശനിയാഴ്ചത്തെ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയും ബംഗ്ലാദേശ് ക്യാപ്റ്റനും ടോസിങ്ങിനിടെ ഹസ്തദാനം നടത്താതെ പിരിഞ്ഞു. കൗമാര താരങ്ങളുടെ നീക്കം ഇന്ത്യ വേദിയാകുന്ന ടി20 ലോകകപ്പ് വരാനിരിക്കെയാണെന്നത് ശ്രദ്ധേയമാണ്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. മൂന്നാം ഓവറിൽ തുടർച്ചയായ രണ്ട് പന്തുകളിൽ രണ്ട് നിർണായക വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. ആയുഷ് മാത്രെയെയും (6) വേദാന്ത് ത്രിവേദിയെയും (0) പുറത്താക്കി ബംഗ്ലാദേശ് ബൗളർ അൽ ഫഹദ് ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ 14 വയസ്സുകാരനായ ഇന്ത്യൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശി മത്സരത്തിൽ പുതിയൊരു റെക്കോർഡ് കുറിച്ചു. യൂത്ത് ഏകദിനങ്ങളിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡ് വൈഭവ് മറികടന്നു.
കളി തുടങ്ങുന്നതിന് മുമ്പ് മഴ വില്ലനായെത്തിയെങ്കിലും ഓവറുകൾ കുറയ്ക്കാതെ തന്നെ മത്സരം നടത്താൻ സാധിച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 14 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് എന്ന നിലയിലാണ്. അർധ സെഞ്ച്വറി പിന്നിട്ട വൈഭവ് സൂര്യവംശിയും (51*) അഭിഗ്യാൻ കുണ്ടുവുമാണ് (2*) ക്രീസിലുള്ളത്. വിഹാൻ മൽഹോത്ര ഏഴ് റൺസ് നേടി പുറത്തായി. ആദ്യ മത്സരത്തിൽ യു.എസ്.എയെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഈ മത്സരത്തിലും ജയം ആവശ്യമാണ്. ഹെനിൽ പട്ടേലിന്റെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു യു.എസ്.എക്ക് എതിരെ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളുടെ നിഴലിലായിരുന്നു ഈ മത്സരം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അംഗം, മുൻ ക്യാപ്റ്റൻ തമീം ഇഖ്ബാലിനെ ‘ഇന്ത്യൻ ഏജന്റ്’ എന്ന് വിളിച്ചതും, ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാൻ ബംഗ്ലാദേശ് വിസമ്മതിച്ചതും നിലവിലെ സാഹചര്യം വഷളാക്കിയിട്ടുണ്ട്. ഇതാണ് കളിക്കളത്തിൽ ഹസ്തദാനം ഒഴിവാക്കാൻ ക്യാപ്റ്റന്മാരെ പ്രേരിപ്പിച്ചത്.
