ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് ഇന്ന് അവതരിക്കും, വില ഒന്നര ലക്ഷം രൂപയ്ക്ക് മുകളിൽ; ഫീച്ചറുകൾ അറിഞ്ഞിരിക്കാം
കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് ഇന്ന് വിപണിയിൽ ഇറങ്ങും. അമേരിക്കയിലെ കലിഫോരണിയയിൽ ആണ് ലോഞ്ചിംഗ്. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് ആപ്പിളിന്‍റെ ‘ഇറ്റ്സ് ഗ്ലോടൈം’ ഇവന്‍റിന് കാലിഫോര്‍ണിയയിലെ കുപ്പെർട്ടിനൊയിലുള്ള ആപ്പിള്‍ ആസ്ഥാനത്ത് വച്ച് തുടക്കമാകുക. ഐഫോൺ 16 ശ്രേണിക്കൊപ്പം പുത്തൻ ആപ്പിൾ വാച്ചും കമ്പനി ഇതോടൊപ്പം അവതരിപ്പിക്കുമെന്നാണ് സൂചന
ഞെട്ടിക്കുന്ന ഫീച്ചറുകൾ
എ 18 ചിപ്പുകളാകും വരുന്ന ഫോണുകളുടെ കരുത്ത്. ആപ്പിൾ ഇന്‍റലിജൻസ് എന്ന പേരിൽ അവതരിപ്പിച്ച കമ്പനിയുടെ സ്വന്തം AI ഫീച്ചറുകളിലാകും എല്ലാവരുടെയും കണ്ണുകൾ. കൂടുതൽ മെച്ചപ്പെട്ട ക്യാമറയും ഉണ്ടാകുമെന്നാണ് കരുതുന്നത്. പ്രോ മോഡലുകളിൽ സെക്കൻഡിൽ 120 ഫ്രെയിമുകൾ 4കെ ദൃശ്യമിഴിവിൽ ഒപ്പിയെടുക്കാനാകുന്ന ക്യാമറകൾ ആണ് ഉണ്ടാകുക. ചിത്രങ്ങളെടുക്കാൻ ഫോണിൽ ഒരു പുതിയ ക്യാമറ ബട്ടൺ പ്രത്യക്ഷപ്പെടുമെന്നാണ് ആപ്പിൾ ലീക്കർമാർ അവകാശപ്പെടുന്നത്. ഡിസ്പ്ലേയുടെ വലിപ്പം കൂടാനും സാദ്ധ്യത ഉണ്ട്.
A18 ചിപ്സുകൾ
എ18 പ്രോ ചിപ്‌സെറ്റുകളോടെയായിരിക്കും ആപ്പിൾ ഐഫോൺ 16 പ്രോ മോഡലുകൾ വരിക. എന്ന് വ്യക്തമായിട്ടുണ്ട്. സ്റ്റാൻഡേർഡ് ഐഫോൺ 16 വേരിയൻ്റുകൾക്ക് A18 ചിപ്‌സെറ്റ് ആയിരിക്കും കരുത്തുപകരുക. ഫോണുകൾ നീല, പച്ച, പിങ്ക്, വെള്ള, കറുപ്പ് എന്നിവയുൾപ്പെടെ വിവിധ കളറുകളിൽ ലഭ്യമാകും.
ഐഫോൺ 16 പ്രോ മാക്‌സ് മെച്ചപ്പെട്ട 48 എംപി അൾട്രാ വൈഡ് ആംഗിൾ കാമറ അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. മുൻഗാമിയായ ഐഫോൺ 15 പ്രോ മാക്‌സിൻ്റെ ടെട്രാപ്രിസം ടെലിഫോട്ടോ ലെൻസ് ഇത് നിലനിർത്തും. 4,676mAh ബാറ്ററിയായിരിക്കും ഇതിൽ ഉണ്ടാകുക. ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബി ബേസ് സ്റ്റോറേജ് മുതൽ മുകളിലോട്ട് അവതരിപ്പിക്കാനും സാധ്യതയുണ്ട്.