ഇറാൻ ആക്രമണം: കുതിച്ചുയർന്ന് സ്വർണവില, ഇന്ന് രണ്ടുതവണ വില കൂടി

കൊച്ചി: ഇസ്രായേലിന്റെ ഇറാൻ ആക്രമണവും പ്രത്യാക്രമണവും ലോകമാകെ ആശങ്ക പരത്തുന്നതിനിടെ സ്വർണവിപണി കുതിച്ചുയരുന്നു. ആക്രമണവാർത്ത പുറത്തുവന്നതിന് പിന്നാലെ, ഇന്ന് ഉച്ചക്ക് ഗ്രാമിന് 365 രൂപയും പവന് 2,920 രൂപയും കൂടി. ഇതോടെ ഗ്രാമിന് 15,465 രൂപയും പവന് 1,23,720 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇതോടെ (28.02.2026) സ്വർണത്തിന് രേഖപ്പെടുത്തിയത്.

രാവിലെ പവന് 2,320 രൂപയും ഗ്രാമിന് 290 രൂപയും കൂടിയിരുന്നു. ഗ്രാമിന് 15,100 രൂപയും പവന് 1,20,800 രൂപയുമായിരുന്നു വില. ഇന്ന് ഒറ്റ ദിവസംകൊണ്ട് 5,240 രൂപയാണ് കൂടിയത്. ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കൂടിയിരുന്നു. ഗ്രാമിന് 14,810 രൂപയും പവന് 1,18,480 രൂപയുമായിരുന്നു വില.

ആഗോള വിപണിയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. സ്​പോട്ട് ഗോൾഡ് വില 1.94 ശതമാനം കൂടി ഔൺസിന് 5,278.1 ഡോളറായി. 100.58 ഡോളറാണ് വർധിച്ചത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 1.41 ശതമാനം ഉയർന്ന് 5,267.20 ഡോളറിലേക്ക് എത്തി.​ 73 ഡോളറാണ് വർധന.

യു.എസ് -ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രത്യാക്രമണം നടത്തിയിരുന്നു. ഇസ്രായേലിനു നേരെ 30 മിസൈലുകളാണ് തൊടുത്തുവിട്ടത്. ഇസ്രായേൽ എയർ ഫോഴ്സും വ്യോമ പ്രതിരോധ സംവിധാനവും മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

മുമ്പ് നടത്തിയത് പോലെ ഒരു കൂട്ടം മിസൈലുകൾ ഒരുമിച്ച് അയക്കുന്ന അതേ ആക്രമണ രീതി തന്നെയാണ് ഇറാൻ ഇത്തവണയും പ്രത്യാക്രമണത്തിന് ഉപയോഗിച്ചത്. മിസൈലുകൾ പതിച്ചതായി ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ, അമേരിക്കയുടെ സൈനിക വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ നടത്തുന്നതായും റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *