30 വർഷത്തെ കാത്തിരിപ്പ്, 48ാം ടീമായി ലോകകപ്പ് കളിക്കാൻ ഇറാഖ്; പ്ലേ ഓഫ് ഫൈനലിൽ ബൊളീവിയയെ വീഴ്ത്തി

30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫുട്ബാൾ ലോകകപ്പ് യോഗ്യത നേടി ഇറാഖ്. മെക്സിക്കോയിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് ഫൈനലിൽ ബൊളീവിയയെ 2-1ന് വീഴ്ത്തിയാണ് 1986നുശേഷം ആദ്യമായി ഇറാഖ് ലോകകപ്പ് കളിക്കാനെത്തുന്നത്. 48ാം ടീമായാണ് ഇറാഖ് ലോകകപ്പിനെത്തുന്നത്. ഇതോടെ പങ്കെടുക്കുന്ന ടീമുകളുടെ ചിത്രം പൂർണമായി.
നേരത്തെ, യൂറോപ്യൻ പ്ലേ ഓഫ് ഫൈനൽ ജയിച്ച് ബോസ്നിയയും ചെക്കിയയും തുർക്കിയയും സ്വീഡനും ഇന്റർ കോൺഫെഡറേഷൻ പ്ലേ ഓഫിൽനിന്ന് കോംഗോയും യോഗ്യത ഉറപ്പിച്ചിരുന്നു. അലി അൽഹമാദി, അയ്മൻ ഹുസൈൻ എന്നിവരാണ് ഇറാഖിനായി വലകുലുക്കിയത്. മോയ്സസ് പനിയഗ്വയുടെ വകയായിരുന്നു സൗത് അമേരിക്കൻ രാജ്യമായ ബൊളീവിയയുടെ ആശ്വാസ ഗോൾ. മത്സരം തുടങ്ങി 10ാം മിനിറ്റിൽ തന്നെ ഹമാദിയുടെ ഗോളിലൂടെ ഇറാഖ് മുന്നിലെത്തി. 28ാം മിനിറ്റിൽ മോയ്സസ് പനിയഗ്വ ബൊളീവിയയെ ഒപ്പമെത്തിച്ചു. 1-1 എന്ന സ്കോറിനാണ് ഇടവേളക്കു പിരിഞ്ഞത്.
തൊട്ടുപിന്നാലെ 53ാം മിനിറ്റിൽ അയ്മൻ ഹുസൈനാണ് ഇറാഖിന്റെ വിജയഗോൾ നേടിയത്. മാർക്കോ ഫർജിയാണ് ഗോളിന് വഴിയൊരുക്കിയത്. നേരത്തെ, പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്ലേ ഓഫ് മത്സരം മാറ്റിവെക്കണമെന്ന് ഇറാഖ് പരിശീലകൻ ഗ്രഹാം അർണോൾഡ് ആവശ്യപ്പെട്ടിരുന്നു. ഇറാഖിന്റെ വ്യോമപാതകൾ അടച്ചതോടെ താരങ്ങളുടെ യാത്ര പ്രതിസന്ധിയിലായിരുന്നു. അർണോൾഡ് ദുബൈയിലും താരങ്ങൾ ഇറാഖിലെ വിവിധ പ്രദേശങ്ങളിലുമായതോടെ തയാറെടുപ്പിന് ആവശ്യമായ സമയവും ലഭിച്ചിരുന്നില്ല. ഫിഫ ആവശ്യം തള്ളിയതോടെ കളിക്കാരും കോച്ചിങ് സ്റ്റാഫും ചാർട്ടർ വിമാനത്തിലാണ് ഒരാഴ്ച മുമ്പ് മെക്സിക്കോയിലെത്തുന്നത്.
ശരീരം മുഴുവൻ അർപ്പിച്ച് ഇറാഖി മനോഭാവത്തോടെ പോരാടിയ താരങ്ങളെ അഭിനന്ദിക്കുന്നതായി മത്സരശേഷം അർണോൾഡ് പ്രതികരിച്ചു. ലോകകപ്പിലെ മരണ ഗ്രൂപ്പുകളിലൊന്നിലാണ് ഇറാഖ് ഉൾപ്പെടുന്നത്. ഗ്രൂപ്പ് ഐയിൽ ഫ്രാൻസ്, നോർവേ, സെനഗാൽ എന്നിവരാണ് എതിരാളികൾ. ജൂൺ 16ന് ബോസ്റ്റണിൽ നോർവേക്കെതിരെയാണ് ആദ്യ മത്സരം. 22ന് ഫിലാഡൽഫിയയിൽ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ നേരിടും. നാല് ദിവസത്തിനുശേഷം കാനഡയിലെ ടൊറന്റോയിൽ സെനഗാലിനെ അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ നേരിടും.
1986 മെക്സിക്കോയിൽ നടന്ന ലോകകപ്പിലാണ് ഇറാഖ് അവസാനമായ കളിച്ചത്. അന്ന് മൂന്നു മത്സരങ്ങളും തോറ്റ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടീം പുറത്തായി.
