ഗസ്സയിലേക്ക് സഹായവുമായി പോയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയെ തടഞ്ഞ് ​ഇസ്രായേൽ; ഗ്രേറ്റ തുംബെർഗ് അടക്കം കസ്റ്റഡിയിൽ

 

തെൽ അവിവ്: ഫലസ്തീൻ ജനതക്ക്​ സഹായവും പിന്തുണയുമായി ഗസ്സ തീരം ലക്ഷ്യമിട്ടെത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയെ തടഞ്ഞ് ​ഇസ്രായേൽ. ഭൂരിഭാഗം ബോട്ടുകളും ഇസ്രായേൽ നാവികസേന പിടിച്ചെടുത്തു. ആക്ടിവിസ്​റ്റുകളും സാമൂഹികപ്രവർത്തകരും തടങ്കലിലാണ്.

ഇരുപതോളം പടക്കപ്പലുകളും മറ്റു സന്നാഹങ്ങളും ഒര​ുക്കിയാണ്​ ബലപ്രയോഗത്തിലൂടെ ഇസ്രായേൽ ഫ്ലോട്ടിലയുടെ ഭാഗമായ നാൽപതിലേറെ ബോട്ടുകളിൽ ഭൂരിഭാഗവും പിടച്ചെടുത്തത്​. അവശേഷിച്ചബോട്ടുകളും പിടികൂടുമെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ​ഡ്രോണുകൾ അയച്ചും സമുദ്രത്തിൽ മൈനുകൾ പാകിയും യാനവ്യൂഹത്തിന്‍റെ ഗസ്സയിലേക്കുള്ള യാത്ര തടയാൻ ശ്രമി​ച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഒടുവിൽ ബോട്ടുകൾ വളഞ്ഞ സൈന്യം ബലം പ്രയോഗിച്ച്​ ആക്ടിവിസ്​റ്റുകളെ മുഴുവൻ പിടികൂടുകയായിരുന്നു. ഇവരെ അസ്ദോദ്​ തുറമുഖത്തിലെ തടങ്കൽകന്ദ്രത്തലേക്ക്​ മാറ്റിയതായി ഇസ്രയേൽ അറിയിച്ചു. ആഗോള പരിസ്​ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗും അറസ്റ്റിലായവരിൽ ഉൾപ്പെടും​.

ജീവകാരുണ്യ സഹായം നൽകാൻ നിരായുധരായി പുറപ്പെട്ട സംഘത്തെ അന്താരാഷ്ട്ര സമദ്രാതിർത്തിയിൽ തടഞ്ഞത്​ ആഗോളനിയമങ്ങളുടെ നഗ്​നമായ ലംഘനമാണെന്ന്​ഫ്ലോട്ടില സംഘാടകർ കുറ്റപ്പെടുത്തി. നടപടിക്കെതിരെ ലോകം ഒന്നാകെ പ്രതിഷേധിക്കണമെന്ന്​ ഹമാസ്​ ആവശ്യപ്പെട്ടു. റോം,ബ്രസൽസ്​, ഇസ്തംബുൾ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി. രാജ്യവ്യാപക ബന്ദിന്​ ഇറ്റലിയിലെ പ്രധാന തൊഴിലാളി യൂനിയൻ ആഹ്വാനംചെയ്തു.

ഫ്ലോട്ടില തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന്​ യു.എൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസും കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോയും പറഞ്ഞു. 44 ബോട്ടുകളുള്ള ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിൽ 500ലധികം ആക്ടിവിസ്റ്റുകളാണുള്ളത്. അതിനിടെ, ഗസ്സയിൽ രൂക്ഷമായ ആക്രമണം തുടർന്ന്​ ഇസ്രായേൽ. ഇന്നലെ 65 പേർ കൊല്ലപ്പെട്ടു.

ഇസ്രായേൽ സൈന്യം ഗസ്സ സിറ്റി വളഞ്ഞതായും അവശേഷിക്കുന്ന താമസക്കാർക്ക് നഗരം വിടാനുള്ള അവസാന അവസരമാണിതെന്നും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അറിയിച്ചു. നഗരത്തിൽ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കുമെന്നും കാറ്റ്സ് അന്ത്യശാസനം നൽകി. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ പദ്ധതിയിൽ ഹമാസിന്‍റെ പ്രതികരണം നാളേക്കകം ഉണ്ടാകും. ഹമാസ്​ പദ്ധതി തള്ളുമെന്നാണ്​ സൂചന.

Leave a Reply

Your email address will not be published. Required fields are marked *