ജലബജറ്റ്: സംസ്ഥാനതല പ്രകാശനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും
രാജ്യത്തിന് തന്നെ മാതൃയാക്കാവുന്ന തരത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജലബജറ്റ് പദ്ധതിയുടെ സംസ്ഥാനതല പ്രകാശന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ഏപ്രിൽ 17) നിർവഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത 14 ബ്ലോക്ക് പഞ്ചായത്തുകൾ തയ്യാറാക്കിയ ജലബജറ്റ് അവതരിപ്പിക്കും. മലപ്പുറം ജില്ലയിൽ നിന്നും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനെയാണ് ജലബജറ്റ്
തയ്യാറാക്കുന്ന പ്രവർത്തനങ്ങൾക്ക് തിരഞ്ഞെടുത്തിരുന്നത്. ബ്ലോക്കിന് കീഴിൽ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളിലെ വിവരങ്ങൾ ശേഖരിച്ചാണ് ജലബജറ്റിനാവശ്യമായ രേഖകൾ ബ്ലോക്കിൽ തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്തിലെ ഓരോ വാർഡുകളിലും ജലസഭകളും ജലവിനിയോഗ കണക്കെടുപ്പും പൂർത്തിയാക്കിയാണ് ബജറ്റ്
റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വികസന വിനിയോഗ കേന്ദ്രവുമായി (സി ഡബ്ല്യു.ആർ.ഡി.എം) ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കൊണ്ടാട്ടി ബ്ലോക്കിലെ ജലബജറ്റ് അവതരണത്തിന് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി, സെക്രട്ടറി വിനോദ് പട്ടാളത്തിൽ, മുൻ ബി.ഡി.ഒ എൻ.സുരേന്ദ്രൻ , ജോയിന്റ് ബി.ഡി.ഒ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഓരോ ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ ജലബജറ്റ് തയ്യാറാക്കുന്നത്. ലോക ജലദിനത്തോടനുബന്ധിച്ച് പഞ്ചായത്തുകളിൽ ജലബജറ്റ് അടിസ്ഥാനമാക്കിയുള്ള അവതരണവും ജലസഭയും സംഘടിപ്പിച്ചിരുന്നു. കിളിമാനൂർ, മുഖത്തല, മല്ലപ്പള്ളി, മാവേലിക്കര, ഈരാറ്റുപേട്ട, ഇടുക്കി, മുളന്തുരുത്തി, ചൊവ്വന്നൂർ, ചിറ്റൂർ, കുന്ദമംഗലം, മാനന്തവാടി, പേരാവൂർ, കാഞ്ഞങ്ങാട് എന്നിവയാണ് മറ്റു ബ്ലോക്കുകൾ.
ജലബജറ്റിന്റെ പ്രസക്തി
ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജലബജറ്റ്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളെയും അടിസ്ഥാനമാക്കി ജലബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രാദേശിക തലങ്ങളിൽ കൃഷിക്കും കുടിവെള്ളത്തിനുമായി പുതിയ പദ്ധതികൾ ആവിഷ്കരിച്ചു വരുന്നു. ഈ അവസരത്തിൽ ജലലഭ്യത ഉറപ്പാക്കിയാൽ മാത്രമേ പദ്ധതികൾ വിജയിക്കുകയുള്ളൂ.
ഇതോടൊപ്പം ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വെല്ലുവിളി നേരിടാൻ പ്രാദേശിക ഇടപെടലുകളും നടത്തുകയാണ് ബജറ്റ് നിർമിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.
ജലബജറ്റ് തയ്യാറാക്കുന്നത് എങ്ങനെ
ഓരോ പ്രദേശത്തും ലഭ്യമായ ജലത്തിന്റെ അളവും വിവിധ ആവശ്യങ്ങൾക്ക് ആവശ്യമായ ജലത്തിന്റെ അളവും കണക്കാക്കുകയാണ് ആദ്യം ചെയ്യുന്നത്. കൃഷി,മൃഗസംരക്ഷണം,ഗാർഹികം, വ്യാവസായികം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് അതത് മേഖലകളിൽ നാം എത്രമാത്രം ചെലവഴിക്കുന്നു എന്നും നിലവിൽ എത്ര ആവശ്യമുണ്ടെന്നും ഭാവിയിൽ അവയിൽ വരാവുന്ന വ്യതിയാനം എത്രയെന്നും കണക്കാക്കുന്നു. സൂക്ഷ്മ നീർത്തടങ്ങളെ അടിസ്ഥാനമാക്കി അവയിലേക്കു ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് അവയിൽ നിന്നും പുറത്തേക്ക് ഒഴുകി പോകുന്ന ജലത്തിന്റെ അളവും കണക്കാക്കുന്നു. ഒരു പ്രദേശത്ത് പെയ്തു കിട്ടുന്ന മഴയുടെ അളവും ഓരോ നീർത്തടത്തിലേക്ക് വിവിധ ജലസ്രോതസ്സുകളിൽ ലഭ്യമായ ജലത്തിന്റെ അളവും വിലയിരുത്തി വേനൽക്കാല ജലലഭ്യത കണക്കാക്കും.
ഇതോടൊപ്പം തന്നെ ആ പ്രദേശത്തിന്റെ മണ്ണിന്റെ ഘടനയും ജല ലഭ്യതയും കണക്കാക്കും. ഇവ ക്രോഡീകരിച്ച് ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും. ഭൂപ്രകൃതിയുടെ സവിശേഷതയും കാലാവസ്ഥാ വ്യതിയാനവും വലിയതോതിൽ പ്രകൃതിയിൽ മാറ്റങ്ങൾ വരുത്തുന്ന കാലഘട്ടത്തിൽ ജല ലഭ്യതവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. കൃത്യമായ കാർഷിക കലണ്ടർ പ്രകാരം കൃഷി ചെയ്തുവന്നിരുന്ന കേരളത്തിൽ ജലമേഖലയിലെ സുസ്ഥിരത തിരികെ കൊണ്ടുവരേണ്ടതും ലഭിക്കുന്ന ജലത്തെ സംരക്ഷിച്ച് ഭാവിയിലേക്കാവശ്യമായ പ്രവർത്തനങ്ങൾക്ക് കൃത്യമായി ഉപയോഗപ്പെടുത്തേണ്ടതും അനിവാര്യമാണ്.