ജമ്മുകശ്മീർ ഭീകരാക്രമണം; മരിച്ചവരിൽ മലയാളിയും
ജമ്മുകശ്മീർ: ജമ്മുകശ്മീർ ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. ഇടപ്പള്ളി മങ്ങാട്ട് റോഡിലാണ് താമസം. രാമചന്ദ്രൻ, ഭാര്യ ഷീല, മകൾ അമ്മു, അമ്മുവിന്റെ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. കുടുംബമായി ഇന്നലെ ആണ് കശ്മീരിലേക്ക് പോയത്. മറ്റ് കുടുംബ അംഗങ്ങൾ എല്ലാവരും സുരക്ഷിതരാണ്.രാമചന്ദ്രൻ നേരത്തെ ഗൾഫിലായിരുന്നു. മകൻ ബംഗളുരുവിലാണ്, ഉടൻ ശ്രീനഗറിലേക്ക് പോകും. കൂടുതൽ മലയാളികൾ ഉണ്ടോ എന്ന കാര്യം പരിശോധിക്കുകയാണ്.
പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊച്ചിയിലെ നാവിക സേന ഓഫിസര്‍ കൊല്ലപ്പെട്ടു. ഹരിയാന സ്വദേശി ലഫ്റ്റനന്റ് വിനയ് നര്‍വാള്‍ ആണ് മരിച്ചത്. ഈ മാസം 16 ന് വിവാഹിതനായ വിനയ് അവധിയിലായിരുന്നു.
ജമ്മു കശ്മീരിൽ നിന്ന് വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ന് ഉച്ചയോടെയാണ് തെക്കൻ കശ്മീരിലെ പഹൽഗാമിൽ ആക്രമണം നടന്നത്. ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെ തെക്കൻ കശ്മീരിലെ പഹൽഗാമിലാണ് ആക്രമണമുണ്ടായത്.
ആക്രമണം നടന്ന പഹൽഗാമിൽ നിന്ന് മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉൾപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍, ഇറ്റലി സ്വദേശികളെന്നാണ് സൂചന.
കാടുകളും സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളും വിശാലമായ പുൽമേടുകളും കൊണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്തേക്ക് എത്തിച്ചേരാനാകൂ. പഹൽഗാമിലെ ബൈസരൻ താഴ്വരയിലെ പുൽമേടുകളിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ട്രെക്കിങ്ങിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആസൂത്രിതമായ ആക്രമാണെന്നാണ് നിഗമനം. പ്രദേശത്തെ ഏറ്റവും തിരക്കേറിയ സീസണിലാണ് ആക്രമണം ഉണ്ടായത്.