ജാസ്ലിയയുടെ മരണം: പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചിട്ടില്ലെന്ന് എസ്.പി, പ്രത്യേക സംഘം അന്വേഷിക്കും
ആലുവ: ജാസ്ലിയയുടെ മരണത്തിൽ പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചിട്ടില്ലെന്ന് എറണാകുളം റൂറൽ എസ്.പി കെ.എസ്. സുദർശനൻ. കുടുംബത്തിന്റെ ആരോപണം തെറ്റാണ്. അന്വേഷിക്കാൻ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുകയെന്നും എസ്.പി പറഞ്ഞു.
പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷ. കുറ്റകരമായ നരഹത്യ ഉൾപ്പെടെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ഇടുക്കിയിൽ ഉൾപ്പടെ വ്യാപക പരിശോധന നടത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് കുടുംബവും സഹപാഠികളും പ്രതിഷേധവുമായി എത്തിയിരുന്നു. അങ്കമാലി മോർണിങ് സ്റ്റാർ കോളജിലെ രണ്ടാംവർഷ ബി.കോം വിദ്യാർഥിനിയായിരുന്ന ജാസ്ലിയ, പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തലക്ക് ഗുരുതര പരിക്കേറ്റ ജാസ്ലിയയെ ആദ്യം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അതിരമ്പുഴ സ്വദേശിയുടെ വാഹനമാണ് വിദ്യാർഥിനിയെ ഇടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇതുവരെയും ആരെയും കേസിൽ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. മെഡിക്കൽ വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം.
