ബോട്ട് വാടകക്കെടുത്ത് ഇറാൻ പടക്കപ്പലിന്റെ ദൃശ്യം പകർത്താനെത്തി; മാധ്യമപ്രവർത്തകർ അറസ്റ്റിൽ



കൊച്ചി: കൊച്ചിയിൽ നങ്കൂരമിട്ട ഇറാൻ പടക്കപ്പലിന്റെ അടുത്തെത്തി ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർ അറസ്റ്റിൽ. റിപ്പബ്ലിക് ടി.വി റിപ്പോർട്ടർ ശങ്കർ, കാമറാമാൻ മണി എന്നിവരാണ് അറസ്റ്റിലായത്.

ഇവർ സഞ്ചരിച്ച ബോട്ട് ഡ്രൈവർ രാധാകൃഷ്ണനെയും അറസ്റ്റ് ചെയ്തു. ദൃശ്യങ്ങൾ പകർത്താനായി വാടക്കെടുത്ത ബോട്ടിൽ കപ്പലിന്‍റെ അടുത്തേക്ക് പോകവെ, സി.ഐ.എസ്.എഫ് എത്തി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മട്ടാഞ്ചേരി വാർഫിന് സമീപം ഡോക്ക് ചെയ്തിരിക്കുന്ന ഇറാന്റെ പടക്കപ്പലായ ഐ.ആർ.ഐ.എസ് ലാവന്റെ ദൃശ്യം പകർത്താനാണ് മാധ്യമപ്രവർത്തകർ ശ്രമിച്ചത്. നിരോധിത മേഖലയിൽ പ്രവേശിച്ച് ദൃശ്യം പകർത്തുന്നത് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരെ പിന്നീട് ഹാർബർ പൊലീസിന് കൈമാറി. മാധ്യമപ്രവർത്തകരുടെ കാമറയും കസ്റ്റഡിയിലെടുത്തു. കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ഫോട്ടോയോ, വിഡിയോയോ പകർത്തിയാൽ കേസെടുക്കുമെന്ന് കൊച്ചി പൊലീസ് മുന്നറിയിപ്പ് നൽകി. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

മറൈൻഡ്രൈവിൽനിന്ന് ബോട്ട് വാടകക്കെടുത്താണ് മാധ്യമപ്രവർത്തകർ കപ്പലിന്‍റെ ദൃശ്യം പകർത്താനെത്തിയതെന്ന് പൊലീസ് പറഞ്ഞു. നിരോധിതമേഖലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കും.