‘കാഫിർ സ്‌ക്രീൻഷോട്ട്’ വിവാദം: ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകൻ ഹൈക്കോടതിയിൽ

കൊച്ചി/കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടകര മണ്ഡലത്തിൽ ഏറെ കോൡക്കം സൃഷ്ടിച്ച ‘കാഫിർ സ്‌ക്രീൻഷോട്ട്’ വിവാദത്തിൽ അന്വേഷണത്തിൽ പരാതിയുമായി യൂത്ത് ലീഗ് പ്രവർത്തകൻ ഹൈക്കോടതിയിൽ. യഥാർഥ പ്രതികളെ കണ്ടെത്തുന്നതിൽ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് കേസിൽ ആരോപണവിധേയനായ മുഹമ്മദ് കാസിം ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹരജിയിൽ ആരോപിച്ചു. പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല. വിവാദ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ഹരജി നാളെ കോടതി പരിഗണിക്കും.
കാഫിർ പ്രയോഗമുള്ള വാട്‌സ്ആപ്പ് സന്ദേശത്തെക്കുറിച്ച് ആദ്യം പൊലീസിനെ വിവരമറിയിച്ചത് താനാണെന്ന് ഹരജിക്കാരൻ വാദിച്ചു. എന്നാൽ, തന്നെ പ്രതിയാക്കി വടകര പൊലീസ് കേസെടുക്കുകയാണു ചെയ്തത്. യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരിൽ വ്യാജ പോസ്റ്റ് ആണ് നിർമിച്ചത്. അമ്പാടിമുക്ക് സഖാക്കൾ എന്ന ഐ.ഡിയിലാണ് ആദ്യമായി ഇതു താൻ കണ്ടതെന്നും കാസിം വാദിച്ചു. നിലവിൽ ഈ കേസിൽ അന്വേഷണം നിലച്ചിരിക്കുകയാണ്. സത്യം പുറത്തുവരാൻ ഉചിതമായ അന്വേഷണം വേണമെന്നും കാസിം ആവശ്യപ്പെട്ടു.
കേസിൽ സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ ലതികയുടെ മൊഴിയെടുത്തിരുന്നു. രണ്ടുദിവസം മുൻപാണ് വടകര എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്. ലതിക വർഗീയ പരാമർശമുള്ള പോസ്റ്റർ ഷെയർ ചെയ്തിരുന്നു. വടകരയിൽ വർഗീയ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു