ഒരു സ്ത്രീയെന്ന പരിഗണന തന്നില്ല, വസ്ത്രങ്ങള്‍ വലിച്ചൂരി, കാല് വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി; സിപിഐഎമ്മിനെതിരെ കലാ രാജു

Kala Raju against CPI(M) for not treating her as a woman, tearing off her clothes and threatening to cut off her legs

 

കൂത്താട്ടുകുളം നഗരസഭാ സംഘര്‍ഷത്തില്‍ സിപിഐഎം നേതാക്കളെ കുറ്റപ്പെടുത്തുന്ന പ്രതികരണവുമായി കൗണ്‍സിലര്‍ കലാ രാജു. തന്നെ കടത്തിക്കൊണ്ടുപോയതും ഭീഷണിപ്പെടുത്തിയതും വേദനിപ്പിച്ചതും പാര്‍ട്ടി നേതാക്കളാണെന്ന് കലാ രാജു മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ പൊതുമധ്യത്തില്‍ തന്റെ വസ്ത്രങ്ങള്‍ വലിച്ചുപറിക്കുന്ന നിലയുണ്ടായി. കാല് മുറിച്ചുകളയുമെന്ന് തന്നെ പാര്‍ട്ടി നേതാക്കള്‍ ഭീഷണിപ്പെടുത്തി. ചതിച്ചിട്ട് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് ആക്രോശിച്ചുകൊണ്ടാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ തനിക്കുനേരെ പാഞ്ഞടുത്തതെന്നും കലാ രാജു പറഞ്ഞു.

ചെയര്‍പേഴ്സനും വൈസ് ചെയര്‍പേഴ്സനും എതിരെ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ, യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കൗണ്‍സിലര്‍ കലാ രാജുവിനെ സിപിഐഎം പ്രവര്‍ത്തകര്‍ ഏരിയ കമ്മിറ്റി ഓഫിസിലേക്ക് ബലമായി മാറ്റുകയായിരുന്നു. താന്‍ കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ തനിക്കെതിരെ ആക്രോശങ്ങളുമായി ഒരു കൂട്ടര്‍ പാഞ്ഞെത്തിയെന്നും വസ്ത്രങ്ങള്‍ ഉള്‍പ്പെടെ പറിച്ചുനീക്കിയെന്നും കലാ രാജു ആരോപിച്ചു. പൊതുജന മധ്യത്തിലാണ് സംഭവങ്ങളത്രയും നടന്നത്. ഇതില്‍ തങ്ങള്‍ വെള്ളംചേര്‍ത്ത് ഒന്നും തന്നെ സംസാരിച്ചിട്ടില്ലെന്നും കലാ രാജു പറഞ്ഞു.

 

കാറില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ ഡോറിനിടയില്‍ കാല്‍ കുടുങ്ങിയ കാര്യം പറഞ്ഞപ്പോള്‍ അതെല്ലാം ഞങ്ങള്‍ മുറിച്ച് എത്തിച്ചേക്കാമെന്ന് ഒരു സിപിഐഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയെന്നും കലാ രാജു വെളിപ്പെടുത്തി. മക്കളെ കാണണമെന്ന് പറഞ്ഞിട്ട് അവര്‍ കാണാന്‍ സമ്മതിച്ചില്ല. ഉന്തും തള്ളിനുമിടെ തനിക്ക് നെഞ്ചിന് പരുക്കേറ്റതിനാല്‍ നെഞ്ചുവേദനയെടുക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഗ്യാസിന്റെ മരുന്ന് മാത്രം തരികയും പോകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. ഇത്രയും പ്രശ്‌നങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ തുടരണോ എന്ന് ആലോചിക്കേണ്ടി വരുമെന്നും കലാ രാജു സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *