മദ്റസാ ബോർഡ് ചെയർമാൻസ്ഥാനം രാജിവെക്കും; പാണക്കാട്ട് വെച്ച് കാറിലെ ബോർഡ് നീക്കംചെയ്തു, ചിലതൊക്കെ പറയാനുണ്ട്- കാരാട്ട് റസാഖ്



കോഴിക്കോട്: മദ്റസാബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന്, 10 വർഷത്തിന് ശേഷം സി.പി.എം ബന്ധംവിട്ട് മുസ് ലിം ലീഗിലേക്ക് തിരിച്ചെത്തിയ മുൻ എം.എൽ.എ കാരാട്ട് റസാഖ്. ലീഗ് അംഗത്വം സ്വീകരിക്കാൻ പാണക്കാട്ടെത്തിയ അദ്ദേഹം കാറിൽ നിന്ന് മദ്റസാ ബോർഡ് ചെയ്ർമാൻ പദവി ബോർഡ് നീക്കം ചെയ്തു. മാതൃസംഘടനയിലേക്ക് തിരിച്ചെത്തിയിരിക്കുയാണെന്നും ഇനി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി.എ മുഹമ്മദ് റിയാസ് അടക്കം ചിലർക്കെതിരേ ചിലത് പറയാനുണ്ടെന്നും ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടക്കുന്ന യു.ഡി.എഫ് കൺവൻഷിൽ പറയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എമ്മിന് ചേർത്തുപിടിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരുപാട് മുൻ എം.എൽ.എമാരും മന്ത്രിമാരും അതുക്കൊണ്ടാണ് പടിയിറങ്ങി പോയത്. ചേർത്തുപിടിക്കുന്നതിൽ താൽപര്യം കാണിക്കുന്നില്ല സഹയാത്രികർക്കും രക്ഷയില്ലെന്നും അതുക്കൊണ്ടാണ് മാതൃസംഘടനയിലേക്ക് പോയി പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഉപാധികളില്ലാതെയാണ് കാരാട്ട് റസാഖ് തിരിച്ചെത്തിയതെന്ന് അംഗത്വം നൽകിയതിന് ശേഷം പാണക്കാട് സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. 10 വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കാരാട്ട് റസാഖ് പാർട്ടിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വളരെ സന്തോഷപൂർവം അദ്ദേഹത്തന് അംഗത്വം കൊടുത്തു. അദ്ദേഹത്തെ ഹൃദയപൂർവം സ്വാഗതം ചെയ്യുകയാണെന്നും തങ്ങൾ പറഞ്ഞു. കാരാട്ടാണ് ദീർഘകാലം ലീഗിന് കൂടെയുള്ള ആളാണ് എന്നും ഇരിടവേളക്ക് ശേഷം അദ്ദേഹം തിരിച്ചെത്തിയത് ഇപ്പോഴത്തെ ട്രന്‍റിനെയാണ് സൂചിപ്പിക്കുന്നതെന്നും ഇനിയും കൂടുതൽ പേർ ലീഗിൽ തിരിച്ചെത്തുമെന്നും പി,കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊടുവള്ളി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ ഫിറോസ്, എം.കെ മുനീർ എന്നിവരോടൊപ്പമാണ് കാരാട്ട് റസാഖ് ലീഗ് അംഗത്വം സ്വീകരിക്കാനായി പാണക്കാട്ട് എത്തിയത്.

ഇന്ന് രാവിലെ എട്ടോടെയാണ് കാരാട്ട് റസാഖ് പാണക്കാട്ടെത്തി മുസ് ലിം ലീംഗ് അംഗത്വം സ്വീകരിച്ചത്. ഇന്നലെയാണ് ലീഗ് നേതൃത്വവുമായി ചർച്ച നടത്തിയത്. പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങളുമായും കുഞ്ഞാലിക്കുട്ടിയുമായും എം.കെ. മുനീറുമായാണ് സംസാരിച്ചാണ് പാർട്ടിയിലേക്കുള്ള പുനപ്രവേശനം. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. അതുക്കൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലായിരുന്നു. എൽ.ഡി.എഫിന്റെ സീറ്റ് ചർച്ചകളിൽ നിന്നും ഒഴിഞ്ഞുമാറിയതാണ്. നേരത്തെ എൽ.‌ഡി.എഫ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ പോകാൻ കഴിഞ്ഞില്ലന്നേയുള്ളൂവെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ കാരാട്ട് റസാഖ് പറഞ്ഞു. സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് 2016ലാണ് കാരാട്ട് റസാഖ് മുസ്ലിംലീഗിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിനൊപ്പം ചേർന്നത്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ലീഗ് വിട്ട കാരാട്ട് റസാഖ് കൊടുവള്ളിയിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച് യു.ഡി.എഫ് സ്ഥാനാർഥി എം.എ റസാഖിനെ 571 വോട്ടിന് പരാജയപ്പെടുത്തി. ഇതോടെ പി.ടി.എ റഹീം കുന്ദമംഗലത്തേക്ക് മാറിയതോടെ എൽ.ഡി.എഫിന് നഷ്ടപ്പെട്ട മണ്ഡലം മുന്നണി വീണ്ടും പിടിച്ചെടുത്തു. 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ വീണ്ടും ഇടതു സ്വതന്ത്രനായി മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.കെ മുനീറിനോട് 6344 വോട്ടിന് തോറ്റു. ഇതോടെയാണ് റസാഖ് സി.പി.എമ്മുമായി ഇടഞ്ഞത്.

പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാവാം കാരാട്ട് റസാഖ്‌ ലീഗിലേക്ക് തിരിച്ചു പോയതെന്നായിരുന്നു വിഷ‍യത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പ്രതികരണം.