വയനാടൻ ചുവടുകൾ കോർത്തൊരുക്കി കാസർകോടൻ കുട്ട്യോള്
തൃശൂർ: കുന്നിമണിക്കുരുവും മുത്തുമണികളും കണ്ണിമവെട്ടാതെ സ്വയം കോർത്തിണക്കിയെത്തിയ കാസർകോടൻ ചുവടുകളിൽ പണിയ നൃത്തവും സുരക്ഷിതമായിരുന്നു. യൂ ട്യൂബിലെ കുട്ടി സ്ക്രീനിനെ ഗുരുവാക്കി വയനാടിന്റെ ഗോത്രകലയെ സ്വായത്തമാക്കിയ കാസർകോടൻ കുട്ട്യോള് അങ്ങനെ എച്ച്.എസ്.എസ് പണിയ നൃത്തത്തിൽ എ ഗ്രേഡ് താരങ്ങളായി. കാസർകോട് മാലോത്ത് കസബ ജി.എച്ച്.എസ്.എസിൽ നിന്നെത്തിയ സംഘമാണ് വയനാടൻ കല സ്വയം പഠിച്ച് തൃശ്ശൂരിന്റെ മണ്ണിലെത്തിയത്. പാഠങ്ങൾ മാത്രമല്ല പണിയ നൃത്ത വേദിയിലണിഞ്ഞെത്തിയ ആഭരണങ്ങളും അവരുടെ സൃഷ്ടിയായിരുന്നു. കുന്നിമണിക്കുരു കൊണ്ടുള്ള തോടക്കമ്മലും മുത്തുകൾ കോർത്ത പാൽക്കല്ലമാലയുമെല്ലാം അവർ തന്നെ കോർത്തൊരുക്കിയതാണ്.
കാസർകോടിന്റെ സ്വന്തം ഗോത്രവിഭാഗമായ മാവിലൻ-മലവേട്ടുവക്കാരായ 12 അംഗ സംഘത്തിന് വയനാടിന്റെ ഗോത്ര തനിമ പഠിച്ചെടുക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നതാണ് യാഥാർഥ്യം. വേഷവിധാനത്തിലും മറ്റും അഭിപ്രായം തേടാൻ മാത്രമാണ് പണിയ നൃത്തം അടുത്തറിയാവുന്ന പരിശീലകന്റെ ഉപദേശം തേടിയത്. ബാക്കിയെല്ലാം സ്വന്തം നിശ്ചയദാർഢ്യത്തിലൂടെ നേടിയെടുക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദമായിരുന്നു നിരഞ്ജന കുഞ്ഞികൃഷ്ണൻ, സാധിക സന്തോഷ്, ശ്യാമിലി ബാലകൃഷ്ണൻ, സി. ശ്യാമിലി, കെ. അനുശ്രീ, കെ. ദേവിക, എം.ബി. സ്നേഹ, പി.ആർ. ശ്രീരേഖ , ആതിര, ആർ. ദേവനന്ദ, ആർ. സുധീന്ദ്രൻ, ശിവപ്രസാദ് എന്നിവരടങ്ങിയ സംഘത്തിന്റെ മുഖത്ത്. എല്ലാ സഹായവുമായി ഒപ്പം നിന്ന അധ്യാപകർക്കാണ് അവർ വിജയം സമർപ്പിച്ചത്.
