‘കെജ്‌രിവാളിനെ പുറത്താക്കൂ, ഡൽഹിയെ രക്ഷിക്കൂ’: മോദിക്ക് പിന്നാലെ കെജ്‌രിവാളും, ഡൽഹിയിൽ പോസ്റ്റർ യുദ്ധം

ന്യൂഡൽഹി: ഡൽഹിയിൽ പോസ്റ്റർ യുദ്ധം. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇന്ന് ഡൽഹി മുഖ്യമന്ത്രി അരവിരന്ദ് കെജ്‌രിവാളിനെതിരെയും പോസ്റ്റർ പതിഞ്ഞു. മോദിക്കെതിരായ പോസ്റ്ററുകൾക്ക് സമാനമായി കെജ് രിവാളിനെ പുറത്താക്കൂ, ഡൽഹിയെ രക്ഷിക്കൂ എന്നതാണ് പുതിയ പോസ്റ്ററുകളുടെയും ഉള്ളടക്കം.

ഡൽഹിയിൽ ആംആദ്മി പാർട്ടിയുടെ ഓഫീസിന് പുറത്താണ് പോസ്റ്ററുകൾ. ബിജെപി നേതാവായ മഞ്ജീന്ദർ സിങ് സിർസയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇയാളുടെ പേരും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെജ് രിവാളിനെ പുറത്താക്കിയാലേ ഡൽഹിയെ രക്ഷിക്കാൻ കഴിയൂ എന്ന പ്രഖ്യാപനം മുമ്പ് പല തവണ നടത്തിയിട്ടുള്ളയാളാണ് മഞ്ജീന്ദർ സിങ്. പോസ്റ്ററുകൾക്ക് പിന്നിൽ താനാണെന്ന് ഇയാൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് മോദിയെ വിമർശിച്ച് ഡൽഹി നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നതായിരുന്നു പോസ്റ്ററിലെ ഉള്ളടക്കം. സംഭവത്തിൽ ആറ് പേരെ ഡൽഹി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ എഫ്‌ഐആറും രജിസ്റ്റർ ചെയ്തു.

സംഭവത്തിന് പിന്നിൽ ആംആദ്മിയാണെന്നാണ് ബിജെപിയുടെ ആരോപണം. ഇന്നലെ പാർട്ടിയുടെ ഓഫീസിലെത്തിയ ഒരു വാനിൽ നിന്ന് സമാന ഉള്ളടക്കമുള്ള 2000 പോസ്റ്ററുകൾ പിടിച്ചെടുത്തിരുന്നു. മോദി ഭീരുവായ പ്രധാനമന്ത്രിയെന്നായിരുന്നു പോസ്റ്ററുകൾക്കെതിരെയുള്ള നടപടികളോട് അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം. ആംആദ്മി ഇന്ന് ജന്തർ മന്ദിറിൽ പ്രത്യേക റാലി സംഘടിപ്പിക്കാനിരിക്കേയാണ് പുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *