സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെയും ഭാര്യയുടെയും വോട്ട് വേറെ ദമ്പതികൾ ചെയ്തു; പിന്നിൽ ബി.ജെ.പിക്കാരെന്ന് എൽ.ഡി.എഫ്
പാലാ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെയും ഭാര്യയുടെയും വോട്ട് അതേ വീട്ടുപേരിൽ അതേ പേരുകാരായ ദമ്പതിമാർ ചെയ്തതായി പരാതി. പാലാ നിയോജക മണ്ഡലത്തിലെ തലപ്പലം പഞ്ചായത്തിലെ 85ാം നമ്പർ പനക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിലെ ബൂത്തിൽ രാവിലെ 11നാണ് സംഭവം.
ഇഞ്ചോലിക്കാവ് ഉന്നതിയിലെ താമസക്കാരായ 85ാംനമ്പർ ബൂത്തിലെ 435ാം നമ്പർ വോട്ടറായ ആശാരിപറമ്പിൽ ജോസ് ദേവസ്യ, ഭാര്യ ലിസി ജോസ് (ക്രമനമ്പർ 436) എന്നിവരുടെ വോട്ടാണ് ഇവർ എത്തും മുമ്പ് വേറെ ദമ്പതികൾ ചെയ്തത്. സി.പി.എം ഇഞ്ചോലിക്കാവ് ബ്രാഞ്ച് സെക്രട്ടറിയും എൽ.ഡി.എഫ് ബൂത്ത് സെക്രട്ടറിയുമാണ് ജോസ് ദേവസ്യ. ഇഞ്ചോലിക്കാവ് ഉന്നതിയിൽ താമസക്കാരായ ആശാരിപറമ്പിൽ ജോസ്, ഭാര്യ ലിസി എന്നിവരാണ് ഇവരുടെ വോട്ട് ചെയ്തത്. മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്ത ഇവർ ആധാർ കാർഡ് ഹാജരാക്കി കള്ളവോട്ട് ചെയ്തതെന്നാണ് ആക്ഷേപം.
പോളിങ് ഉദ്യോഗസ്ഥർ ബൂത്തിലെ വോട്ടർ പട്ടികയിലെയും ആധാർ കാർഡിലെയും ഫോട്ടോ പരിശോധിക്കാതെയാണ് വോട്ട് ചെയ്യാൻ അനുവദിച്ചതെന്ന് പരാതി ഉയർന്നിട്ടുണ്ട്.
12.45ഓടെ യഥാർഥ വോട്ടർമാർ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് വോട്ട് മറ്റാരോ ചെയ്ത വിവരം അറിയുന്നത്. പ്രിസൈഡിങ് ഓഫിസർക്ക് പരാതി നൽകിയതിനെ തുടർന്ന് ഇരുവരുടെയും ടെൻഡർ വോട്ട് രേഖപ്പെടുത്തി. പരാതി വരണാധികാരിക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫിസർ അറിയിച്ചു.
ഇവരെ ബി.ജെ.പി പ്രവർത്തകർ ഓട്ടോറിക്ഷയിൽ എത്തിച്ച് വോട്ട് ചെയ്ത് തിരികെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് എൽഡിഎഫ് ബൂത്ത് ഭാരവാഹികൾ ആരോപിച്ചു. തങ്ങളുടെ പേരിലുള്ള വോട്ട് വ്യാജ വോട്ടർമാർ രേഖപ്പെടുത്തിയതിനെതിരെ ജോസ് ദേവസ്യയും ഭാര്യയും പ്രിസൈഡിങ് ഓഫിസർക്ക് പരാതി നൽകി. കള്ളവോട്ട് ചെയ്തവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടി സ്വികരിക്കണമെന്നും എൽ.ഡി.എഫ് ഭാരവാഹികൾ ഇലക്ഷൻ കമ്മീഷനോടും പൊലീസിനോടും ആവശ്യപ്പെട്ടു.
